'കട്ടിലിൽ ചങ്ങലക്കിട്ടിരിക്കുന്നു, കോവിഡ് ബാധിച്ച സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം'; അടിയന്തര ഇടപെടൽ തേടി കുടുംബം

കോഴിക്കോട്: കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും യു.പി മഥുരയിലെ ആശുപത്രിയിലെ കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത്. ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി കാപ്പന്‍റെ കുടുംബം രംഗത്തെത്തി. രോഗബാധിതനായ കാപ്പന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ശുചിമുറിയിൽ പോകാൻ പോലും അധികൃതർ അനുവദിക്കുന്നില്ല. കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. സിദ്ദീഖിന്‍റെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ റൈഹാനത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പ്രിയരേ.. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോവുന്നത്.. 7 മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തിൽ തളരാതെ മുന്നോട്ട്.. സിദ്ധിക്ക എന്ന മനുഷ്യനെ ഞാൻ അറിയുന്നത്ര ആർക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകൻ ആണ്. സത്യ സന്ധമായി വാർത്തകൾ റിപ്പോർട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകൻ.

ആർക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീർക്കണം എന്തായിരിക്കാം അവരുടെ ഉദ്ദേശം.. ആ മനുഷ്യൻ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യുപിയിൽ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പോലീസുകാർ ചോദിച്ചു.. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചത് എന്ന്.. ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആർക്ക്, എന്ത് നേട്ടം????

ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോർക്കുക!! ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നിങ്ങൾക്കും കുടുംബം, കുട്ടികൾ, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും... തീർച്ച!!

വെള്ളക്കിടക്കയിൽ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകൾ അടയാതെ കാത്തിടിക്കുന്നത് അവരുടെ പൊന്നുമോനെ കാണാൻ വേണ്ടി മാത്രമാണ്.. ആ ഉമ്മയുടെ കണ്ണുനീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.. ഇൻഷാ അല്ലാഹ്.

3 മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടമേ... എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം?? മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ.. എല്ലാവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആർക്കാണ് ഈ കുറഞ്ഞ ജീവിതത്തിൽ സമാദാനം ലഭിക്കുന്നത്..? ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്.. ഞങ്ങൾക്ക് ജീവിക്കണം എന്‍റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്‍റെ പേരിലാണ്..?

അദ്ദേഹത്തിന്‍റെ പേരിൽ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങൾ പൊട്ടിച്ചിരിക്കു... കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും!! പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്‍റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളർത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോൾ ഒക്കെ കൂടുതൽ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നിൽക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും.. അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും ഇന്നലെ എങ്ങനെയോ 2 മിനിറ്റ് എന്നോട് സംസാരിച്ചു.

ജയിലിൽ നിന്നും വീണ വീഴ്ചയിൽ താടിയെല്ലിനു പൊട്ടോ, അല്ലെങ്കിൽ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണെന്നും പതറിയ സ്വരത്തിൽ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറ എന്നും പറഞ്ഞ് call കട്ടായി. ആ മനുഷ്യന്‍റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു.. ഇതാണോ ചികിത്സ..? കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ... ഭരണ കൂടമേ.. പ്രതിപക്ഷ പാർട്ടിയിലുള്ളവരെ.. നാനാവിധ മത സംഘടനകളെ.. സാംസ്‌കാരിക പ്രവർത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്‍റെ അപേക്ഷയാണ്..

മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്

മലപ്പുറം: കോവിഡ് ഭാദിച്ച സിദ്ദീഖ് കാപ്പനെ യു.പിയിലെ ആശുപത്രിയിൽ െകട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി ഇടപെടണണെന്നും ഭാര്യ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. മൂന്ന് ദിവസത്തിലധികമായി കട്ടിലിൽ ഒരു മൃഗത്തെ പോലെ ബന്ധിപ്പിച്ചിരിക്കുകയാണ്. മുത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. ശൗചാലയത്തിൽ പോലും പോവാൻ അനുവദിക്കാതെയാണ് കെട്ടിയിട്ടിരിക്കുയാണ്. നാലു ദിവസത്തോളമായി അദ്ദേഹത്തിന് ഭക്ഷണം പോലും കഴിക്കാനാവുന്നില്ല. ജയിലിൽ കുഴഞ്ഞ് വീണിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം എന്താണ് നടക്കുന്നതെന്ന വിവരം കിട്ടിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഏതോ ഒരു ഫോണിൽ നിന്ന് വിളിച്ചപ്പോഴാണ് അവിടത്തെ ദയനീയസ്ഥിതി ബോധ്യപ്പെട്ടത്. ആശുപത്രിയേക്കാൾ ഭേദം ജയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ചു കാര്യങ്ങൾ മാത്രം പറഞ്ഞ് അദ്ദേഹത്തിന്‍റെ ഫോൺ കട്ടാവുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായിട്ടില്ല. മാധ്യമ പ്രവർത്തകനെന്ന പരിഗണനയോ മലയാളി എന്ന പരിഗണനയോ ലഭിച്ചില്ല. നിയമപരമായി ഇടപെടാൻ ബുദ്ധിമുട്ടാണേൽ ഒരു ലെറ്റർ അയക്കാൻ പോലും മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. വോട്ട് കിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രശ്നമെങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിക്കൊന്നു പ്രതികരിച്ചു കൂടെ. ജീവൻ പോയി കഴിഞ്ഞതിനു ശേഷം എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ജീവനോടെ അയാളെ വിട്ടുകിട്ടുകയെന്നത് മറ്റാരുടെയും വിഷയമല്ലെങ്കിലും അത് ഞങ്ങളുടെ വിഷയമാണ്. ഇൗയൊരു ദുരവസ്ഥയിൽ അദ്ദേഹത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനെങ്കിലും മുഖ്യമന്ത്രിക്ക് ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും ഭാര്യ റൈഹാന പറഞ്ഞു.

Tags:    
News Summary - ‘Chained in bed, Siddique Kappan in critical condition after Covid’; Family seeking release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.