കേന്ദ്രത്തിന്‍റെ ഇന്ധനവിലയിലെ ഇളവ്​ ഡിസ്​കൗണ്ട്​ സെയിൽ പോലെ; യു.ഡി.എഫ്​ സമരം തുടരും -സതീശൻ

ചാത്തമംഗലം: പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം  യു.ഡി.എഫ്  ശക്തമായിതന്നെ  തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ  ചെറിയതോതിൽ വില കുറച്ചത് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചൂലൂരിൽ സി.എച്ച് സെന്റർ സമർപ്പണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ്​ മാധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പെട്രോളിനും ഡീസലിനും മാസങ്ങളായി തുടർച്ചയായി വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറു വർഷംകൊണ്ട് 300 ശതമാനമാണ് കേന്ദ്രം  നികുതി വർധിപ്പിച്ചത്. അതിൽ ചെറിയൊരു കുറവു മാത്രമാണ് ഇപ്പോൾ വരുത്തിയത്. വലിയൊരു ശതമാനം വിലകൂട്ടിയശേഷം അതിൽ ചെറിയൊരു സംഖ്യ കുറച്ച് ചില  കച്ചവടക്കാർ നടത്തുന്ന   ഡിസ്‌കൗണ്ട് സെയിൽ  പോലെയാണ് ഇപ്പോൾ വില കുറച്ചത്​. കേന്ദ്ര സർക്കാറും  സംസ്ഥാന സർക്കാറും ഒത്തുചേർന്നാണ്  ഈ നികുതി ഭീകരത നടപ്പാക്കുന്നത്. യു.പി.എ ഗവൺമെന്റ് വിലനിയന്ത്രണാധികാരം എടുത്തു കളഞ്ഞതാണ് വില വർധനവിന് കാരണമെന്നാണ് സി.പി.എം ആരോപിക്കുന്നത്. വിലനിയന്ത്രണാധികാരം എടുത്തു കളഞ്ഞത് സത്യത്തിൽ ഗുണകരമായി മാറുമായിരുന്നു. ക്രൂഡോയിൽ വില അന്താരാഷ്ട്രതലത്തിൽ കൂടുന്നതനുസരിച്ച് പെട്രോളിന് വില കൂടുകയും കുറയുന്നതിനനുസരിച്ച് വില കുറയുകയും ചെയ്തിരുന്നുവെങ്കിൽ വില കുറക്കുകയും ചെയ്യണമായിരുന്നു. എന്നാൽ ക്രൂഡോയിൽ വില കൂടുന്നതിനനുസരിച്ച് പെട്രോളിന് വില കൂടുകയും ക്രൂഡോയിൽ വില കുറയുന്നതിനനുസരിച്ച് നികുതി വർധിപ്പിച്ചു ജനങ്ങൾക്കു ഭാരം കൂട്ടുകയും ആണ് കേന്ദ്രസർക്കാർ ചെയ്തത്.

ഈ കാപട്യം അറിഞ്ഞുകൊണ്ടുതന്നെയാണ് സി.പി.എമ്മും  സി.പി.എം സർക്കാരും യു.പി.എ ഗവൺമെന്റിന്റെ കുറ്റം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ നികുതി വർദ്ധനവിനെ മറ പിടിക്കാനാണ് ഈ കുറ്റപ്പെടുത്തൽ. സംസ്ഥാന ഗവൺമെന്‍റും നികുതി കുറക്കാൻ തയ്യാറാകണം. മുഴുവൻ കുറക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ല. മറിച്ച്, കേന്ദ്രം വർധിപ്പിക്കുന്നതിന് അനുസരിച്ച് ആനുപാതികമായി കിട്ടുന്ന അധികവരുമാനത്തിൽ  ഒരു തുക എടുത്ത് ഇന്ധന സബ്സിഡി ആയോ വിലയിൽ കുറവ് വരുത്തിയോ  പൊതുജനങ്ങൾക്ക് അനുവദിക്കണം. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം വില  കുറയ്ക്കണമെന്ന് തന്നെയാണ്  നിലപാട്. ഉമ്മൻചാണ്ടി സർക്കാരും നേരത്തെ ഇതുപോലെ കുറച്ചിരുന്നുവെന്നും വി. ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Centre's fuel price reduction is like a discount sale; UDF agitation will continue - Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.