കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ​ക്ക്​ വി​ഹി​തം ക​ണ്ടെ​ത്ത​ൽ സം​സ്​​ഥാ​ന​ത്തി​ന്​ വെ​ല്ലു​വി​ളി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സർക്കാർ മാനദണ്ഡം മാറ്റിയതും  മൂലം കേന്ദ്ര സഹായ പദ്ധതികൾക്ക് സംസ്ഥാന വിഹിതം കണ്ടെത്തൽ വെല്ലുവിളിയാകുന്നു. പല കേന്ദ്ര പദ്ധതിയിലും പകുതി തുകയോളം സംസ്ഥാനം കണ്ടെത്തണം. ഇത് പദ്ധതി വിനിയോഗത്തെയും കാര്യമായി ബാധിക്കും. ഇടുക്കി, കുട്ടനാട് അടക്കം പാക്കേജുകൾക്കും സംസ്ഥാനം വകയിരുത്തിയിരുന്നതിൽ കൂടുതൽ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. അതേസമയം, സാമ്പത്തിക വർഷാവസാനം കേന്ദ്രത്തിൽനിന്ന് പരമാവധി പണം വാങ്ങിയെടുക്കാനുള്ള ശ്രമം ധനവകുപ്പ് നടത്തുന്നുണ്ട്.  

കേന്ദ്ര പദ്ധതി പണം വിനിയോഗിക്കുന്നതിൽ ഇക്കുറി സംസ്ഥാനം തീരെ മോശമല്ല. 6534.17 കോടിയാണ് ഇൗ ഇനത്തിൽ വകയിരുത്തിയിരുന്നത്. അതിൽ 85.46 ശതമാനം വിനിയോഗിച്ചു കഴിഞ്ഞു. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ അനുവദിച്ച പണം നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലാണ് വകുപ്പുകൾ.
 പദ്ധതി നിർദേശങ്ങളിൽ പണം ആവശ്യപ്പെട്ട് ധനവകുപ്പിലേക്ക് ഫയലുകളുടെ കുത്തൊഴുക്കാണ്. മാർച്ച് 30ന് വൈകീട്ട് അഞ്ചുവരെയേ ബില്ലുകൾ സ്വീകരിക്കൂവെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പതിവുപോലെ ഇക്കുറിയും അവസാന സമയത്തെ കൂട്ട ചെലവഴിക്കൽ രീതി ഇക്കുറിയും സംഭവിക്കും.  

കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ അടക്കം ഇത്തരം ചെലവിടൽ ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. 13,000 കോടിയോളം മാർച്ചിൽ ചെലവിടുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും ചെലവ് വന്നാലും ട്രഷറിയിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. ട്രഷറിയിൽ മിച്ചം വരും. അടുത്തമാസത്തെ ശമ്പളത്തിനുപോലും പ്രയാസപ്പെടില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ ഒമ്പതുദിവസം  മാത്രം ബാക്കി നിൽക്കേ 53.19 ശതമാനമാണ് വിനിയോഗം. മാർച്ചിലാണ് ഇത്രയെങ്കിലും മെച്ചപ്പെട്ടത്. സംസ്ഥാന പദ്ധതിയിൽ 56.04 ശതമാനമാണ് വിനിയോഗം. 18,500 കോടിയുടേതാണ് സംസ്ഥാന പദ്ധതി. തദ്ദേശസ്ഥാപനങ്ങൾ അവസാന ഘട്ടത്തിൽ വിനിയോഗം അൽപം മെച്ചപ്പെടുത്തി. 5500 കോടിയിൽ 43.67 ശതമാനം ചെലവിട്ടു.

24,000 കോടിയുടെ വാർഷിക പദ്ധതിയിൽ 12,765.26 കോടി ബുധനാഴ്ചവരെ വിനിയോഗിച്ചു. വൻകിട പദ്ധതികൾക്ക് വകയിരുത്തിയിരുന്ന 2302 കോടിയിൽ കാര്യമായ വിനിയോഗമില്ല. മരാമത്ത് വകുപ്പിന് വൻനേട്ടമാണ് ഉണ്ടായത്. 1286.04 കോടിയുടെ സ്ഥാനത്ത് 2017.10 കോടി ഇതിനകം അവർക്ക് ചെലവിടാനായി. 157 ശതമാനമാണ് വിനിയോഗം.

പി.ആൻഡ് എ ആർ.ഡി വകുപ്പും നൂറുശതമാനം പിന്നിട്ടു. കായികം 89.18, ധനകാര്യം 89.08, പൊതുവിദ്യാഭ്യാസം 88.49, ഫിഷറീസ് 82.81 എന്നിങ്ങനെയാണ് ഉയർന്ന വിനിയോഗമുള്ള വകുപ്പുകൾ. വിനിയോഗത്തിൽ ഏറ്റവും പിന്നിൽ നിയമവകുപ്പാണ്. അവർ ഒരു പൈസയും ചെലവിട്ടില്ല. ഭക്ഷ്യ പൊതുവിതരണ വകുപ്പാകെട്ട വെറും 7. 27 ശതമാനമാണ് വിനിയോഗിച്ചിരിക്കുന്നത്.

Tags:    
News Summary - CENTRAL PROJECTS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.