കേന്ദ്ര ബജറ്റ്: മൽസ്യമേഖലയിലെ നിർദേശങ്ങൾ നിരാശാജനകം

കൊച്ചി: കേന്ദ്ര ബജറ്റ് മൽസ്യമേഖലയിലെ നിർദേശങ്ങൾ നിരാശാജനകമാണെന്ന് മൽസ്യ തൊഴിലാളി ഐക്യവേദി. ആടിനെ പച്ചില കാട്ടി അറവുശാലയിലേക്ക് നയിക്കുന്ന കൗശലമാണ് ബജറ്റിലുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് അറിയിച്ചു. നിരന്തരമായ തീര ശോഷണപ്രതിരോധത്തിന് വിഹിതം മാറ്റി വെച്ചിട്ടില്ല. അമിതമായ ഇന്ധനനികുതി വർധനവിൽ നിന്നും ആശ്വാസം പകരുന്ന നിർദേശങ്ങളുമില്ല.

കേരളത്തിലെ മത്സ്യതൊഴിലാളിക്കുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് നിരന്തരമായ കുടിശ്ശികയും വരുത്തിയിട്ടുണ്ട്. ആഴക്കടൽ മേഖലയിൽ ബ്ലൂ ഇക്കണോമിയുടെ ഭാഗമായി കുത്തക കമ്പനികളെ കുടിയിരുത്താനാണ് നീക്കം. സഹകരണമേഖലയിൽ കേരളത്തിന് കേവലം ഒമ്പത് ബോട്ടുകൾ മത്രമാണ് അനുവദിച്ചിരിക്കുന്നത്. 2018-ൽ തന്നെ കേരളം നൽകിയ നിർദേശം തള്ളിക്കളയുകയാണ്. കേന്ദ്രസർക്കാർ ചെയ്തത്. കൊച്ചി ഹാർബർ നവീകരണത്തിനുള്ള നിർദേശമാകട്ടെ രണ്ടു വർഷമായി പെന്റിങ്ങിലാണ്.

അതേസമയം കേരളത്തിന്റെ കരിമണൽ നിക്ഷേപം സ്വകാര്യവൽക്കരിക്കുന്ന സാമ്പത്തിക നയം നടപ്പാക്കുന്നതിന്റെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. 128 ബില്യൺ സോളാറിന്റെ വരുമാനം കുത്തക കമ്പനിക്ക് ഇതിലൂടെ ലഭിക്കും. ഒരു നയം എന്ന നിലയിൽ ബ്ലൂ ഇക്കണോമി നടപ്പാക്കുന്നതോടെ വിഴിഞ്ഞം പോലെ പുതിയ ആറ് തുറമുഖങ്ങളും 14 കോസ്റ്റൽ ഡെവലപ്പ്മെന്റ് സോണുകളും 13 ടൂറിസ്റ്റ് പാർക്കുകളും, തുറമുഖാധിഷ്ഠിത നഗരങ്ങളും 609 കൂറ്റൻ നിർമിതികളും 2000 കിലോ മീറ്റർ റോഡുകളും തീര ദേശത്ത് യുദ്ധവേഗതയിൽ നടപ്പാക്കപ്പെടുകയാണ്.

വ്യവസായ തൊഴിലാളികളും, ഗ്രാമ തൊഴിലാളികളും യോജിച്ച് ഇതിനെതിരേ പോരാടേണ്ട സന്ദർഭമാണിത്. ഈ യോജിപ്പിൽ നിന്നും ശ്രദ്ധമാറ്റുന്നതിനാണ് 6,000 കോടി രൂപ എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നാം തിരിച്ചറിയേണ്ടതുണ്ട്. ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി 6,000 കോടി രൂപ മാറ്റിവെച്ചത് വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെടുകയാണ്.

എന്നാൽ മേഖലയുടെ സാമകാലിക യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതും കേവലം കയറ്റുമതിയുടെ വികസനത്തിൽ മാത്രം ഊന്നുന്നതുമാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് ഒമ്പത് സംസ്ഥാനങ്ങളുടെ വിഹിതം കഴിഞ്ഞാൽ കേരളത്തിന് എത്രമാത്രം കിട്ടും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Central Budget: Proposals in the fisheries sector are disappointing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.