കല്ലെറിഞ്ഞയാളെ പിടിക്കാൻ സഹായിച്ചത് വന്ദേഭാരതിലെ സി.സി.ടി.വി കാമറകൾ; പരിശോധിച്ചത് 60ലേറെ കാമറകൾ

കണ്ണൂർ: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ. ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻപുരയിൽ സൈതീസ് ബാബുവിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 16ന് ഉച്ചക്ക് 3.45ഓടെ മാഹിപ്പാലത്തിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ്. കണ്ണൂർ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത കേസിൽ 10 ദിവസത്തിനകമാണ് പ്രതിയെ പിടികൂടാനായത്. വന്ദേഭാരതിൽ സ്ഥാപിച്ച കാമറയിൽ പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. പുറത്തെ ദൃശ്യങ്ങൾ അടക്കം ലഭ്യമായ ട്രെയിനിലെ 15 കാമറകളും മാഹി സ്റ്റേഷനിലെയും പരിസരത്തെയും അമ്പതോളം നിരീക്ഷണ കാമറകളും പരിശോധിച്ചു. ദൃശ്യത്തിൽ കണ്ടയാളുമായി സാമ്യം തോന്നിയ നൂറോളം പേരെ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു.

സംഭവസമയത്ത് സൈതീസി​ന്റെ ലൊക്കേഷൻ പാളത്തിനരികിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം റെയിൽവേ പാളങ്ങൾ കേന്ദ്രീകരിച്ച് ചോമ്പാല പൊലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ആർ.പി.എഫ് ക്രൈംബ്രാഞ്ച് പാലക്കാട്, കണ്ണൂർ, ചോമ്പാല പൊലീസ് എന്നിവർ അടങ്ങുന്ന സംയുക്ത അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

കണ്ണൂർ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 16ന് ഉച്ചക്ക് 2.30ന് കാസർകോടുനിന്ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിനു നേരെയാണ് മാഹിയിൽ കല്ലേറുണ്ടായത്. 3.43ന് തലശ്ശേരി പിന്നിട്ട ട്രെയിൻ മാഹി സ്റ്റേഷനിൽ എത്തുന്നതിനുമുമ്പായിരുന്നു സംഭവം. സി -എട്ട് കോച്ചിന്റെ ചില്ലു തകർന്ന് ചീളുകൾ അകത്തേക്കു വീണു. തകർന്ന ഭാഗം കോഴിക്കോട് സ്റ്റേഷനിൽനിന്ന് പ്ലാസ്റ്റിക് ടേപ് ഉപയോഗിച്ചു താൽക്കാലികമായി അടച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. 10 വർഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

കഴിഞ്ഞയാഴ്ച തുടർച്ചയായ ദിവസങ്ങളിൽ നീലേശ്വരത്തിനും വടകരക്കും ഇടയിൽ ട്രെയിനുകൾക്കു നേരെ കല്ലേറും പാളത്തിൽ കല്ലും മറ്റും കയറ്റിവെക്കലും ഉണ്ടായിരുന്നു. ആഗസ്റ്റ് 13ന് രാത്രി ഏഴോടെ നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെ കണ്ണൂരിൽ കല്ലേറുണ്ടായ സംഭവത്തിൽ ഒഡിഷ ഖോർധ സ്വദേശി സർവേഷിനെ (25) കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷ സ്വദേശി പൊലീസ് പിടിയിലായത്. 

Tags:    
News Summary - CCTV cameras in Vandebharat helped catch the stone pelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.