സുരേഷ് ഗോപിയിലൂടെ പുറത്തുവരുന്നത് ജാതി ബോധം-എസ്.ഡി.പി.ഐ

തിരുവനന്തപുരം: പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഉന്നത കുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും ജാതി ബോധമാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവരുന്നതെന്നും എസ്.ഡി.പി.ഐ. ദലിതുകളും ആദിവാസികളും കഴിവുകെട്ടവരാണെന്ന വരേണ്യ ബോധമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലുള്ളത്. സാമൂഹികമായി ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കാന്‍ ഉന്നത കുലജാതര്‍ വേണമെന്ന വംശീയതയാണിത്.

രാജ്യം സ്വതന്ത്രമാവുകയും ഉന്നതമായ ഭരണഘടന നിലവില്‍ വരികയും ചെയ്‌തെങ്കിലും അതൊന്നും അംഗീകരിക്കാന്‍ അവരുടെ ജാതിബോധം അനുവദിക്കുന്നില്ല. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മനുവാദമാണ് സുരേഷ് ഗോപി വിളിച്ചുകൂവുന്നത്. മാറ് മറക്കാനും മനുഷ്യനായി ജീവിക്കാനുമുള്ള അവകാശം പൊരുതി നേടിയതാണ്.

അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ഉള്‍പ്പെടെയുള്ള മനുഷ്യ സ്‌നേഹികളുടെ നിതാന്ത പരിശ്രമങ്ങളാണ് ഹീനമായ ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായകരമായത്. ഉച്ചനീചത്വങ്ങളില്ലാത്ത സാമൂഹിക സമത്വം ഉദ്‌ഘോഷിക്കുന്ന ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്.

ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ജീര്‍ണതകളും മനുഷ്യത്വ വിരുദ്ധതയും ഹൃദയത്തില്‍ താലോലിക്കുന്ന സുരേഷ് ഗോപി ബിജെപിയും ആർ.എസ്.എസും മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നത് നാം വിസ്മരിക്കരുത്. സംഘപരിവാര ഫാഷിസത്തിന് വിടുപണി ചെയ്യുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഇനിയെങ്കിലും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Caste Consciousness comes out through Suresh Gopi-SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.