കാഷ് ലെസ് ഉണര്‍ന്നിട്ടും വിപണിയില്‍ പ്രതിഫലിച്ചില്ല; നേട്ടം വന്‍കിടക്കാര്‍ക്ക്

കോഴിക്കോട്: ബാങ്കുകളില്‍ കറന്‍സി രഹിത ഇടപാടുകള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ചിട്ടും വിപണിയില്‍ പ്രതിഫലിച്ചില്ല. വ്യാപാര രംഗത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമായതായും നേട്ടമുണ്ടായത് വന്‍കിടക്കാര്‍ക്ക് മാത്രമാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്നതിന്‍െറ 30 ശതമാനം കച്ചവടം മാത്രമാണ് ഇപ്പോള്‍ ഉള്ളത്.  ഫര്‍ണിച്ചര്‍, ഹോംഅപ്ളയന്‍സസ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. നോട്ടുമാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധി കാര്യമായി ബാധിക്കാതിരുന്ന അരി വിപണിയും ഇപ്പോള്‍ ഉലഞ്ഞു.

ഡിസംബര്‍ 14ന് ശേഷം വില്‍പനയില്‍ മുപ്പത് ശതമാനത്തോളം കുറവ് ഉണ്ടായി. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വ്യാപാരി ശ്യാം സുന്ദര്‍ പറഞ്ഞു. പ്രതിസന്ധി രൂക്ഷമാകുമെന്ന് കണ്ടായിരുന്നു അരി ആളുകള്‍ കൂടുതല്‍ വാങ്ങി വെച്ചത്. വ്യാപാരം വന്‍കിടക്കാരിലേക്ക് ചുരുങ്ങുന്ന പ്രവണത ദൃശ്യമായതായി വലിയങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ജോസഫ് വലപ്പാട് പറഞ്ഞു. കടമായിട്ടാണ് ഏറെ പേരും അവശ്യസാധനങ്ങള്‍ വാങ്ങുന്നത്. ഇത് താങ്ങാന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഴിയുന്നില്ല. ഇത് മുതലെടുക്കാന്‍ കമ്പനികള്‍ മൊത്തക്കച്ചവടക്കാര്‍ക്ക് വില കുറച്ച് സാധനങ്ങള്‍ ലഭ്യമാക്കുകയാണെന്നും  ഇദ്ദേഹം പറഞ്ഞു. ക്രിസ്മസും പുതുവര്‍ഷവുമായിട്ടും മിഠായിത്തെരുവില്‍ കച്ചവടം ഉണര്‍ന്നില്ളെന്ന് ഇവിടത്തെ കച്ചവടക്കാര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ നടന്നതിന്‍െറ മുപ്പത് ശതമാനം കച്ചവടം മാത്രമാണ് ഇക്കുറി നടന്നത്. പാളയം മാര്‍ക്കറ്റില്‍ സീസണായിട്ടും കച്ചവടം പകുതിയില്‍തന്നെ തുടര്‍ന്നു. കച്ചവടക്കാരില്‍ പലരും വീടുകളില്‍ നേരിട്ട് സാധനം എത്തിക്കുന്ന രീതി സ്വീകരിക്കുകയാണെന്ന് പച്ചക്കറിക്കടക്കാര്‍ പറയുന്നു.

Tags:    
News Summary - cashless market currency demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.