ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തൽ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവിന് കേസെടുത്തു. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുനിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. ബി.എൻ.എസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ടുപേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പച്ചക്കറി വ്യാപാരി ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), ഓട്ടോഡ്രൈവർ കായംകുളം പുളിമുക്ക് പുതുക്കാട് വടക്കതിൽ മജീദ് (53) എന്നിവരാണ് മരിച്ചത്. അന്നേദിവസം ഏഴ് രോഗികളാണ് ഡയാലിസിസിന് വിധേയമായത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് വിവരം. വിറയലും ഛർദിയുമുണ്ടായ മൂന്നുപേരെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഇതിൽ രണ്ടുപേരാണ് മരിച്ചത്.
മരണത്തിന് കാരണം ചികിത്സാ പിഴവ് തന്നെയാണെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ. സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തിയിരുന്നു. ഡയാലിസിസ് ഉപകരണങ്ങൾ, ഉപയോഗിച്ച വെള്ളം എന്നിവയടക്കം പരിശോധിച്ചിരുന്നു. ഇവിടെ 15 ദിവസത്തേക്ക് ഡയാലിസിസ് നിർത്തിവെച്ചിരിക്കുകയാണ്. ഡയാലിസിസ് നടത്തിവന്ന 58 രോഗികളെ മറ്റു സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരേയും തല്ക്കാലികമായി മാറ്റി നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.