ദുൽഖർ സൽമാന്റെ ആഡംബര കാർ വീണ്ടും കസ്റ്റംസ് കസ്റ്റഡിയിൽ; നടപടി 'ഓപറേഷൻ നുംഖോറി'ന്റെ ഭാഗമായി

കൊച്ചി: വിദേശത്ത് നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തുന്ന വ്യാപക പരിശോധനയിൽ നടൻ ദുൽഖർ സൽമാന് വീണ്ടും കുരുക്ക്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ 'ലക്കി ഭാസ്കറിൽ' ഉപയോഗിച്ച വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തുന്ന സംഘത്തിനെതിരെ കസ്റ്റംസ് നടത്തുന്ന 'ഓപറേഷൻ നുംഖോറി'ന്റെ ഭാഗമായാണ് നടപടി. കളമശ്ശേരിയിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച വാഹനമാണിതെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. നേരത്തെയും ഇതേ ഓപറേഷന്റെ ഭാഗമായി ദുൽഖറിന്റെയും മറ്റ് താരങ്ങളുടെയും ചില വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

അസമിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ അസമിൽ മാത്രം ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. ഭൂട്ടാൻ വഴി നികുതി വെട്ടിച്ചെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

വാഹനക്കടത്ത് സംഘം സിനിമ-വ്യവസായ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണോ പ്രവർത്തിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ലക്കി ഭാസ്കർ എന്ന സിനിമയിൽ ഉപയോഗിച്ച വിന്റേജ് മോഡൽ വാഹനമാണിതെന്നാണ് സൂചന. സിനിമയിലെ വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ അതോ ബോധപൂർവമായ നികുതി വെട്ടിപ്പാണോ എന്ന കാര്യത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - Dulquer Salmaan's luxury car again in customs custody; The action is part of 'Operation Numkhor'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.