തിരുവനന്തപുരം: മുഖ്യമന്ത്രി നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിലെത്തി സന്ദർശിച്ചെങ്കിലും പിണക്കം മാറി മന്ത്രിസഭയിൽ പങ്കാലളിയാവുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. നിലപാടിൽ അൽപ്പം അവയു വരുത്തിയെങ്കിലും പൂർണ സമ്മതം അറിയിക്കാതെ വാശിയിലാണ് മുതിർന്ന് നേതാവ്.
എ.ഐ.സി.സി. നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ നേതാക്കളെ കാണുന്ന സതീശൻ ഇന്ന് രാവിലെ 10ന് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തല ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തു പോയി. പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. ഇതിന് ശേഷമാണ് ചെന്നിത്തലയെ കണ്ടത്. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. തങ്ങൾ തമ്മിൽ ഉപാധികളില്ലെന്നും ദൗത്യം ഒരുമിച്ച് നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞെങ്കിലും മുഖത്ത് അസംതൃപ്തി പ്രകടമായിരുന്നു. മന്ത്രിസഭയിൽ ഉണ്ടാവുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇടഞ്ഞു തന്നെ നിൽക്കുന്ന നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി ദേശീയ നേതൃത്വം. മന്ത്രിസഭയിൽ പങ്കാളിയാവുന്നതിന് കടുത്ത ഉപാധികളാണ് ചെന്നിത്തല മുന്നോട്ടുവെക്കുന്നതെന്നാണ് റിപ്പോർട്ട്.എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.
പിണങ്ങി നിന്ന ചെന്നിത്തല സതീശനെ പിന്തുണച്ച് കത്ത് കൈമാറിയതല്ലാതെ വൈകീട്ട് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തില്ല. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ പരിഗണിക്കുമെന്ന് വലിയ പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ ചെന്നിത്തല. 2021ൽ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ അർഹമായ പരിഗണന നൽകുമെന്ന് സോണിയ ഗാന്ധി വാക്കുനൽകിയിരുന്നുവത്രെ. ഈ വാക്കിനൊപ്പം വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും അപേക്ഷിച്ച് തലമുതിർന്ന നേതാവ് എന്നതും ഭരണപരിചയവും ഹൈക്കമാൻഡ് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. തനിക്കൊപ്പം യൂത്ത് കോൺഗ്രസിലടക്കം ദേശീയ തലത്തിൽ പ്രവർത്തിച്ചവർ മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായതടക്കം ചെന്നിത്തല ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഒപ്പം വി.ഡി-കെ.സി.
പോരിനിടെ ഒത്തുതീർപ്പ് മുഖ്യമന്ത്രിയെന്ന നിലയിലെ രംഗപ്രവേശനത്തിലും വലിയ പ്രതീക്ഷ പുലർത്തി. ഇതൊന്നുമില്ലാതായതോടെയാണ് കടുത്ത നിരാശയും നീരസവുമുണ്ടായത്. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നുമായിരുന്നു ചെന്നിത്തലയുടെ പരാതി. എ.ഐ.സി.സി. പുനഃസംഘടനയിൽ പ്രവർത്തക സമിതിയിലെത്തുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. താൻ പാർട്ടിയിലെത്തിച്ച ശശി തരൂർ വരെ പ്രവർത്തക സമിതിയിലെത്തിയ സാഹചര്യത്തിൽ കൂടിയാണിത്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയായ ചെന്നിത്തല ഇപ്പോൾ ഇടഞ്ഞു നിൽക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് തന്നെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.