പറവൂരിൽ കാർ യാത്രക്കാരനെ കുത്തിയ കേസ്; ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പറവൂർ: ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാർ ഓടിച്ച യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗുരുവായൂർ-വൈറ്റില റൂട്ടിൽ ഓടുന്ന 'നർമദ' ബസിന്‍റെ ഡ്രൈവർ പള്ളിപ്പുറം ചെറായി വാരിശ്ശേരി വീട്ടിൽ ടിന്‍റു (40), കണ്ടക്ടർ പത്തനംതിട്ട പെരുനാട് മുഴിക്കൽ വലിയവീട്ടിൽ നിന്ന് തൃക്കാക്കര കങ്ങരപ്പടിയിൽ വാടകക്ക് താമസിക്കുന്ന മിഥുൻ മോഹൻ (40) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബസും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി എട്ടിന് പറവൂർ മുനിസിപ്പൽ കവലക്ക് സമീപമായിരുന്നു സംഭവം. കൊച്ചി കരുവേലിപ്പടി കെ.കെ. വിശ്വനാഥൻ റോഡിൽ കിഴക്കേപറമ്പിൽ ഫർഹാനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ, ബസിന് വഴിമാറിക്കൊടുത്തില്ലെന്ന കാരണത്താൽ തർക്കമുണ്ടാവുകയും ഡ്രൈവർ ടിന്‍റു കത്തി ഉപയോഗിച്ച് ഫർഹാനെ കുത്തുകയുമായിരുന്നു.

സംഭവം കണ്ട ഫർഹാന്‍റെ പിതാവ് ഫസലുദ്ദീൻ (54) കുഴഞ്ഞുവീണ് മരിച്ചിരുന്നു. സംഭവശേഷം പ്രതികൾ ബസുമായി കടന്നുകളഞ്ഞു. എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശപ്രകാരം ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

ഫസലുദ്ദീന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശനിയാഴ്ച രാവിലെ 11ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കൈപ്പത്തിക്ക് പരിക്കേറ്റ ഫർഹാന്‍റെ നില ഗുരുതരമല്ല.

Tags:    
News Summary - Case of stabbing a car passenger in Paravur; Bus driver and conductor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.