വത്സൻ തില്ല​ങ്കേരി

കലാപാഹ്വാനം: വത്സന്‍ തില്ലങ്കേരി അടക്കം ആയിരത്തിലേറെ പേർക്കെതിരെ കേസ്

കണ്ണൂര്‍: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ്​ വത്സന്‍ തില്ലങ്കേരിക്കും ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്‍റ്​ എൻ. ഹരിദാസിനുമടക്കം മുന്നൂറോളം പേർക്കെതിരെ കലാപാഹ്വാനത്തിന്​ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സംഘ്​പരിവാർ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.

എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് അക്രമങ്ങൾക്കും ഭീകരവാദത്തിനുമെതിരെയാണ്​ സംഘ്​പരിവാർ സംഘടനകൾ ബുധനാഴ്ച കണ്ണൂരിൽ അടക്കം വിവിധ നഗരങ്ങളിൽ പ്രകടനം നടത്തിയത്​. നിരവധി പേർ പ​​ങ്കെടുത്ത പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ്​ മുഴക്കിയത്.

കണ്ണൂരിൽ പ്രകടനം സമാപിച്ചപ്പോൾ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമർശങ്ങളുണ്ടായിരുന്നു. എസ്​.ഡി.പി.ഐയുടെ വെല്ലുവിളി ആർ.എസ്.​എസ്​ സ്വീകരിച്ചിരിക്കുന്നുവെന്നും തിരിച്ചടിക്കുമെന്നും ഏതു മാർഗത്തിനും തയാറാണെന്നുമാണ്​ വത്സന്‍ തില്ലങ്കേരി കണ്ണൂരിൽ പ്രസംഗിച്ചത്​.

തളിപ്പറമ്പിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എ.പി. ഗംഗാധരൻ അടക്കം 12 നേതാക്കൾക്കെതിരെയും 300ലധികം പേർക്കെതിരെയുമാണ്​ കേസ്​. തലശ്ശേരിയിൽ 305 പേർക്കെതിരെയും കേസെടുത്തു.

മനഃപ്പൂർവം ലഹളയുണ്ടാക്കാനും അനധികൃതമായി സംഘം ചേർന്ന് മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. കെ.കെ. ശ്രീധരൻ ഉൾപ്പെടെ നൂറോളം ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെ പയ്യന്നൂർ പൊലീസും കേസെടുത്തു. കൂത്തുപറമ്പിലും മട്ടന്നൂരിലും നൂറിലേറെയും ശ്രീകണ്​ഠപുരത്ത്​ 81 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

സംഘർഷ സാധ്യതയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശത്തെത്തുടർന്ന്​ അതീവ സുരക്ഷയാണ്​ ജില്ലയിൽ പൊലീസ്​ ഒരുക്കിയത്​. ജാഗ്രത തുടരുന്നതിന്‍റെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിൽ വാഹന പരിശോധന തുടരുകയാണ്. 

Tags:    
News Summary - case against more than a thousand people including Valsan Thillankeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.