'മാധ്യമം' ലേഖകനെതിരായ കേസ്; പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: 'മാധ്യമം' ലേഖകൻ ആർ. സുനിലിനെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ആഭ്യന്തര വകുപ്പ്. അഗളി പൊലീസ് സ്റ്റേഷനിലെ മുൻ ഡി.വൈ.എസ്.പി എൻ. മുരളീധരനും എസ്.എച്ച്.ഒ സീമിനുമാണ് നോട്ടീസ് അയച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 'മാധ്യമം' ഓൺലൈനിൽ 2023 ആഗസ്റ്റ് 22ന് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ആർ. സുനിലിനും വാർത്തയുടെ ലിങ്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനായ അട്ടപ്പാടി സുകുമാരനുമെതിരെ കേസെടുത്തത്.

ആദിവാസിയായ ചന്ദ്രമോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത നൽകിയത്. നിരപ്പത്ത് ജോസഫ് കുര്യൻ എന്നയാൽ കുടുംബഭൂമി വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ചന്ദ്രമോഹൻറെ പരാതി. ചന്ദ്രമോഹന്‍റെ അമ്മയുടെ പേരിലുള്ള 12 ഏക്കർ ഭൂമി കൈയേറാനാണ് ശ്രമം നടത്തിയത്. ഇത് വാർത്തയായതോടെ ജോസഫ് കുര്യൻ അഗളി ഡി.വൈ.എസ് പിക്ക് പരാതി നൽകി. ആദിവാസി ഭൂമി തട്ടിയുക്കുന്ന ആളെന്ന് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നായിരുന്നു ജോസഫ് കുര്യൻ നൽകിയ പരാതി. ഡിവൈ.എസ്.പിയുടെ നിർദേശ പ്രകരം എസ്.എച്ച്.ഒ ലേഖകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ മണ്ണാർക്കാട് കോടതിയുടെ അനുമതിയും തേടി. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ ഇട്ടത്.

എന്നാൽ, വാർത്തയുടെ പേരിൽ 'മാധ്യമം' ലേഖകനെതിരെ കേസ് എടുത്തതിനെതിരെ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന മുൻ പ്രസിഡന്റ് കിരൺ ബാബു നൽകിയ പരാതിയെ തുടർന്ന് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ജി.പിയുടെ മലപ്പുറം മുൻ എസ്.പി എസ്. ശശിധരൻ അന്വേഷണം നത്തി. എസ്.പി അട്ടപ്പാടിയിലെ അഗളി ഗസ്റ്റ് ഹൗസിലെത്തി ഇരകളായ ആദിവാസികളുടെ മൊഴിയെടുത്ത് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഇതേ സമയം കലക്ടറുടെ നിർദേശ പ്രകാരം പാലക്കാട് എസ്.പിയും ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് പ്രകാരം തൃശൂർ ഡി.ഐ.ജിയും ഈ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. റിപ്പോർട്ടുകളിലെല്ലാം പൊലീസ് ഉദ്യഗസ്ഥർക്ക് ഭൂമാഫിയ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.

ഡി.ജി.പിയുടെ നിർദേശപ്രകാരം 2024 ഫെബ്രുവരി 13ന് ആഭ്യന്തരവകുപ്പ് വാച്യാന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ സി.ആർ.പി.എഫ് കമാൻഡൻറ് ആയിരുന്ന ഷാഹുൽഹമീദ് ആണ് വിചരണ നടത്തിയത്. വാച്യാന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ വീഴ്ച സംഭിച്ചുവെന്ന് കണ്ടെത്തി. വീഴ്ചകൾക്ക് അനുപാതികമായി ശിക്ഷ താൽകാലികമായി തീരുമാനിച്ചാണ് കുറ്റാരോപിതർക്ക് കാരണം കാണിക്കൽ നോട്ടീസ് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ അഗളി പൊലീസ് കേസ് അവസാനിപ്പിച്ച് തലയൂരാൻ ശ്രമിച്ചിരുന്നു. സത്യസന്ധമായിട്ടാണ് 'മാധ്യമം' വാർത്ത നൽകിയിരിക്കുന്നത് എന്നും ഭരണഘടനാപരമായ അവകാശമാണ് റിപ്പോർട്ടർ നിർവഹിച്ചതെന്നും കേസ് അവസാനിപ്പിച്ച് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ വിശദീകരണം നൽകി. കേസ് നൽകിയ ജോസഫ് കുര്യൻ റിയൽ എസ്റ്റേറ്റ് നടത്തുന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കേസ് അവസാനിക്കുമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

അട്ടപ്പാടിയിൽ നടക്കുന്ന നൂറുകണക്കിന് ഭൂമി കൈയേറ്റങ്ങളിൽ ഒന്നായിരുന്നു ജോസഫ് കുര്യന്റെ ഈ കൈയേറ്റം. പരാതി നൽകിയപ്പോൾ 'മാധ്യമം' ഓൺലൈൻ വാർത്ത എന്ന് സൂചിപ്പിക്കാതിരിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു എന്നാണ് രേഖപ്പെടുത്തിയത്. അതിനാൽ നിയമസഭയിൽ കെ.കെ. രമ ഈ വിഷയത്തിൽ ക്രമപ്രശ്നം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി രണ്ടു വ്യക്തികൾ തമ്മിലുള്ള ശത്രുതയിൽ ഒരാൾ മറ്റെയാൾക്കെതിരായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത് എന്നായിരുന്നു.

എന്നാൽ, മലപ്പുറം മുൻ എസ്.പി എസ്. ശശിധരൻ അട്ടപ്പാടിയിൽ എത്തി ഇരകളായ ആദിവാസികളുടെ മൊഴി എടുത്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്. അഗളി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഒക്കും അട്ടപ്പാടിയിലെ ഭൂമാഫിയ സംഘവുമായി ബന്ധമുണ്ട് എന്ന് മലപ്പുറം എസ്.പി റിപ്പോർട്ട് ചെയ്തു. ഇതോടെ ആണ് കേസിന്റെ ദിശ ആകെ മാറിയത്. സി.ആർ.പി.എഫ് കമാൻഡന്റ് ഷാഹുൽഹമീദ് നടത്തിയ അന്വേഷണത്തിലും പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തിന് കേസെടുത്തു എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.

Tags:    
News Summary - Case against 'Madhyayam' reporter; Show cause notice issued to police officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.