ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെതിരെ കേസ്: പിന്നിൽ ദുരൂഹതയുണ്ടെന്ന് അധികൃതരും

തിരുവനന്തപുരം: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ പുതിയ കേസ്. പൂജപ്പുര ജയിലിലെ സഹതടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ, സുപ്രീംകോടതിയിൽ നിഷാമിന്റെ അപ്പീൽ നിൽക്കുന്നതിനാൽ ചില കേസുകളിൽ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായുള്ള വിവരമുണ്ടെന്നും അതിനാൽ പുതിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും സംശയമുണ്ട്. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാൻ വെച്ച ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, സംഭവം നടന്ന ദിവസം പരാതിയൊന്നും നസീർ അറിയിച്ചില്ല.

സംഭവം നടക്കുമ്പോള്‍ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ മറ്റൊരു സഹതടവുകാരനായ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസും പറയുന്നു.

ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ഇപ്പോഴാണ് പരാതി നൽകിയതെന്നത് കൊണ്ടാണ് ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവത്തിൽ കേസെടുത്തത് ഈ മാസം രണ്ടിനാണ്. മൂവരും കൊലക്കേസ് പ്രതികളാണ്.

ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവാദവുമുണ്ടായി. തുടർന്ന് ശിക്ഷിക്കപ്പെട്ട നിഷാം വിയ്യൂർ, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ചശേഷം ഇപ്പോൾ പൂജപ്പുരയിലുമാണ് കഴിയുന്നത്.

Tags:    
News Summary - Case against accused Nisham in Chandra Bose murder case: Authorities say there is mystery behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.