തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ അർഹമായ ഇടം നൽകാത്തതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ വിമർശനം ഉന്നയിക്കുന്നതിനിടെ അർഹമായ പരിഗണന കിട്ടിയതിൽ സന്തോഷമറിയിച്ചും മത്സരിക്കുന്ന നേതാക്കളുടെ എണ്ണം പറഞ്ഞും കെ.എസ്.യു രംഗത്ത്.
ഇക്കുറി ജനവിധി തേടുന്നത് 22 സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 81 കെ.എസ്.യു നേതാക്കളാണ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. തല്ലിന്റെയും കേസിന്റെയും എണ്ണവും സീറ്റും നോക്കിയാൽ നേരിട്ട അവഗണന ബോധ്യമാകുമെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.കെ. ജനീഷിന്റെ പരസ്യപ്രതികരണം സംഘടനക്കുള്ളിൽ നീറ്റലായി തുടരുമ്പോഴാണ് നേർവിപരീതാനുഭവം പരസ്യപ്പെടുത്തി കെ.എസ്.യു രംഗത്തെത്തുന്നത്.
അരുണിമ സുൽഫിക്കർ, ഗോപുനെയ്യാർ, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, ഗൗതം ഗോകുൽദാസ് എന്നിവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.എസ്.യു സംസ്ഥാന ഭാരവാഹികളാണെന്നും ഗോപു നെയ്യാറും ഗൗതം ഗോകുൽദാസും മത്സരരംഗത്തുള്ള ജില്ല പ്രസിഡൻറുമാരാണെന്നും അലോഷ്യസ് സേവ്യർ വാർത്തകുറിപ്പിൽ വ്യക്തമാക്കി. എം.ജെ. യദുകൃഷ്ണൻ, ജോസൂട്ടി ജോസ്, അമൃതപ്രിയ, ആദർശ് സുധർമൻ, മിവ ജോളി, അർജുൻ പൂനത്ത്, അൽഅമീൻ അഷ്റഫ്, എം.സി. അതുൽ, നിഖിൽ കണ്ണാടി, എം.എസ്. രോഹിത് എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികൾ.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ അന്തിമമായി സ്വീകരിച്ചത് 1,07,211 സ്ഥാനാർഥികളുടെ 1,54,547 പത്രികകൾ. സ്ഥാനാർഥികളിൽ 56501 പേർ സ്ത്രീകളും 50709 പേർ പുരുഷൻമാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് ഒരു പത്രിക സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ തള്ളിയത് 2,479 പത്രികകളാണ്. കൂടുതൽ പത്രികകൾ തള്ളിയത് തിരുവനന്തപുരം ജില്ലയിൽ-538 എണ്ണം. സൂക്ഷ്മപരിശോധനക്ക് ശേഷം ഏറ്റവും കൂടുതൽ പത്രികകളും (18,820) സ്ഥാനാർഥികളും (13,362) ശേഷിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അത് കഴിയുന്നതോടെ മത്സരരംഗത്ത് ആരൊക്കെ എന്ന ചിത്രം വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.