ആർ.സി.സിയിൽ മരുന്നുമാറി: തലച്ചോർ കാൻസറിനുള്ള മരുന്നിന്റെ ബോക്സിൽ ശ്വാസകോശ കാൻസറിന്റേത്

തിരുവനന്തപുരം: തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) തലച്ചോറിലെ കാൻസറിനുള്ള മരുന്നുമാറി. ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്‌സിൽ ശ്വാസകോശ കാൻസറിനുള്ള എറ്റോപോസൈഡാണ് ഉണ്ടായിരുന്നത്. ഗുജറാത്തിലെ കമ്പനിയിൽനിന്ന് പാക്ക് ചെയ്ത് അയച്ചപ്പോഴുണ്ടായ പിഴവാണെന്നാണ് പ്രാഥമികവിവരം. പത്തിലധികം ബോക്‌സുകളിലാണ് ടെമോസോളോമൈഡ് എത്തിയത്. ഇതിൽ അവസാന നാല് ബോക്‌സ് ശേഷിക്കേയാണ് ടെമോസോളോമൈഡിന്റെ പെട്ടിയിൽ എറ്റോപോസൈഡാണെന്ന് കണ്ടെത്തിയത്. ഇതോടെ വിതരണം പൂർണമായി നിറുത്തി.

നേരത്തേ വിതരണം ചെയ്ത ബോക്‌സുകളിലും മരുന്നുകൾ മാറിയിരുന്നോ എന്ന് വ്യക്തതവരുത്താൻ ഫാർമസിയിൽനിന്ന് ഒരു മാസത്തിനിടെ എറ്റോപോസൈഡ് വാങ്ങിയ രോഗികളുടെ വിവരം ശേഖരിച്ച് പരിശോധിക്കുകയാണ് അധികൃതർ. മാറിയെങ്കിൽ നൂറുകണക്കിന് രോഗികൾ കഴിച്ചിട്ടുണ്ടാകും. മരുന്ന് മാറി കഴിച്ചാലുണ്ടാകുന്ന പാർശ്വഫലത്തെകുറിച്ച ആശങ്കയിലാണ് അധികൃതർ. ഭൂരിഭാഗം കാൻസർ മരുന്നുകളുടെയും ഘടകങ്ങൾ തമ്മിൽ സാമ്യമുള്ളതിനാൽ ഒരു ഡോസ് മാറിയാൽ വലിയ അപകടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഒന്നിലധികം ഡോസ് കഴിച്ചാൽ സ്ഥിതി ഗുരുതരമായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംഭവം ശ്രദ്ധയിൽപെട്ടതോടെ ആർ.സി.സി അധികൃതർ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകി. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ആർ.സി.സിയിലെത്തി മരുന്ന് മാറിയതായി സ്ഥിരീകരിച്ചു. നാല് ബോക്‌സുകൾ പിടിച്ചെടുത്തു. ഇത് കോടതിയിൽ ഹാജരാക്കി. മരുന്നുമാറി അയച്ചതിന് ഗുജറാത്ത് കമ്പനിയെ ആർ.സി.സി കരിമ്പട്ടികയിൽപെടുത്തുകയും ചെയ്തു. ആർ.സി.സി സ്വന്തം നിലയിൽ ടെണ്ടർ വിളിച്ചാണ് മരുന്ന് വാങ്ങുന്നത്. ടെണ്ടറിൽ ഒന്നാം സ്ഥാനത്ത് എത്തിയ കമ്പനിയായിരുന്നു ഇത്. 

Tags:    
News Summary - cancer medicine issue in RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.