വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാതെ ജീവനൊടുക്കിയ ആളുടെ കുടുംബത്തിന് ബാങ്കിന്‍െറ നടപടി നോട്ടീസ്

പുല്‍പള്ളി: പഠന വായ്പ തിരിച്ചടവിന് വഴിയില്ലാതെ ജീവനൊടുക്കിയ യുവാവിന്‍െറ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പ് പാഴായി. ജീവനൊടുക്കിയ ആളുടെ കുടുംബം പണം തിരികെ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചതോടെ കുടുംബം വെട്ടിലായി.
കേളക്കവല തുമരക്കാലായില്‍ സജീവന്‍െറ മകന്‍ സജിത്തിന്‍െറ പേരിലുള്ള വായ്പ കുടിശ്ശിക തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടുകാര്‍ക്ക് വീണ്ടും നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 13ന് ബാങ്കില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.എസ്സി നഴ്സിങ് പഠനം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് 2014 ആഗസ്റ്റില്‍ സജിത്ത് ബംഗളൂരുവില്‍ ജീവനൊടുക്കിയത്. പഠന ആവശ്യത്തിന് കനറ ബാങ്കിന്‍െറ പുല്‍പള്ളി ശാഖയില്‍നിന്ന് എടുത്ത മൂന്നര ലക്ഷം രൂപ പത്ത് ലക്ഷത്തി പതിനൊന്നായിരം രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഈ തുകയാണ് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിത്യരോഗിയായ പിതാവ് സജീവന് ഈ തുക തിരിച്ചടക്കാന്‍ ഒരു മാര്‍ഗവുമില്ല. ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തി ബാങ്ക് അധികൃതര്‍ക്കും സര്‍ക്കാറിനും നിരവധി നിവേദനങ്ങള്‍ നല്‍കിയതാണ്. വായ്പ എഴുതിത്തള്ളാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുതരാമെന്ന് പലരും ഉറപ്പും നല്‍കി. ബാങ്ക് അധികൃതര്‍ പോലും അന്ന് സഹായം വാഗ്ദാനം ചെയ്തതാണ്. ടാക്സി ഡ്രൈവറായിരുന്ന സജീവന്‍െറ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. കടം മുഴുവനായും ഒഴിവാക്കിക്കൊടുക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാകണമെന്ന് എജുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - canara bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.