പത്തനംതിട്ട: വിമാനത്താവളത്തിനുവേണ്ടി മരണം വിധിക്കപ്പെട്ട നീരൊഴുക്കിന് പുനർജനിയേകി നീതിപീഠം. ആറന്മുള വിമാനത്താവളത്തിന് നികത്തിയ കരിമാരംതോട്ടിലൂടെ 14 വർഷത്തിനുശേഷം തെളിനീരൊഴുകി. ഒരുപക്ഷേ, രാജ്യത്ത് ആദ്യമായാകും ഒരു നീരൊഴുക്കിന് ഹൈകോടതി വിധിയിലൂടെ ചാലുകീറിയത്. ആറന്മുളയിൽ വയൽ നികത്തി എയർ സ്ട്രിപ് സ്ഥാപിക്കുന്നതിനാണ് വ്യവസായി എബ്രഹാം കലമണ്ണിൽ കരിമാരംതോടും സമീപപാടവും നികത്തിയത്. 2004ൽ കരിമാരൻകുന്നിടിച്ച് വയലിലേക്കും തോട്ടിലേക്കും തള്ളി. ഇൗ സ്ഥലം പിന്നീട് വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് കെ.ജി.എസ് കമ്പനി വാങ്ങി. പമ്പയുടെ പ്രധാന കൈവഴിയായ കോഴിത്തോട്ടിലേക്കാണ് കരിമാരംതോടിലെ വെള്ളം എത്തുന്നത്. തോട് നികത്തിയതോടെ വയലിൽനിന്ന് പുഴയിലേക്കുള്ള ഒഴുക്കുനിലച്ച് വെള്ളക്കെട്ടായി. കൃഷിയും മുടങ്ങി. തോട് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കർഷകനായ ആറന്മുള സ്വദേശി മോഹനനാണ് 2014 ജൂണിൽ ഹൈകോടതിയെ സമീപിച്ചത്.
ആറുമാസത്തിനകം തോട് പുനഃസ്ഥാപിക്കാൻ കോടതി വിധിച്ചു. മണ്ണിട്ട എബ്രഹാം കലമണ്ണിലിനോട് ഇത് ചെയ്യാൻ അന്നത്തെ കലക്ടർ നിർദേശിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ കോടതിയലക്ഷ്യമായി. ആർ. ഗിരിജ കലക്ടറായി ചുമതലയേൽക്കുേമ്പാൾ കോടതിയലക്ഷ്യ നടപടി തുടർന്നു. തോട് പുനഃസ്ഥാപിക്കാൻ ആലോചന നടന്നെങ്കിലും അതിൽനിന്ന് എടുത്തുമാറ്റുന്ന മണ്ണ് ആർക്ക് നൽകുമെന്നതായിരുന്നു പ്രശ്നം. അന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ച യോഗത്തിൽ റെയിൽവേയും കെ.എസ്.ടി.പിയും മണ്ണ് നീക്കാൻ താൽപര്യം കാട്ടി. എന്നാൽ, സ്ഥലത്ത് എത്തിയതോടെ അവർ പിന്മാറി.
ഇതോടെ കലക്ടർ മണ്ണ് വിൽക്കാൻ ആളെ അന്വേഷിച്ചിറങ്ങി. അങ്ങനെയാണ് ആലപ്പുഴയിൽ ജല അതോറിറ്റിക്ക് മണ്ണ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയത്. റോയൽറ്റി അടച്ച് അവരുടെ ചെലവിൽ മണ്ണ് നീക്കണമെന്നതായിരുന്നു വ്യവസ്ഥ. പാടം നികത്താൻ മണ്ണ് ഉപയോഗിക്കാനും പാടില്ല. പിന്നാലെ, റെയിൽവേയും കെ.എസ്.ടി.പിയും മണ്ണിനുവേണ്ടി വന്നു. 8,80,000 രൂപ മണ്ണിെൻറ റോയൽറ്റിയായി സർക്കാർ ഖജനാവിലെത്തി. 44,000 ടൺ മണ്ണ് നീക്കിയതോടെയാണ് തോടും ചാലും പുനഃസ്ഥാപിക്കപ്പെട്ടത്.
വലിയതോട്, കരിമാൻതോട്, വടക്കുകുളംതോട് എന്നിവയിലൂടെയാണ് വെള്ളം കോഴിത്തോടിലേക്കും തുടർന്ന് പമ്പയിലേക്കും എത്തുന്നത്. കൃഷി തുടങ്ങുേമ്പാൾ തിരിച്ചും വെള്ളം ഒഴുകണം. ഇപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കാൻ പണ്ട് ഉണ്ടായിരുന്ന എൻജിൻതറകൾ പുനഃസ്ഥാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.