വി.ഡി. സതീശൻ 

കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്; സി.പി.ഐയെ മുഖ്യമന്ത്രി വിദഗ്ധമായി പറ്റിച്ചെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിൽനിന്ന് പിന്മാറുമോ, ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുമ്പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി.ഐയെ വിദഗ്ധയി പറ്റിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സി.പി.ഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയിൽ സി.പി.ഐയേക്കാൾ സ്വാധീനം ബി.ജെ.പിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു.

പി.എം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താൽപര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി .

ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി.പി.ഐ ചോദിച്ചത്. അതിന് ഹ... ഹ...ഹ... എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും സതീശൻ പ്രതികരിച്ചു.

പി.എം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു.

വ്യദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. കെ. രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളായിരിക്കും. സബ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പി.എം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സർക്കാറിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Tags:    
News Summary - Cabinet sub-committee is just a fraud -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.