തിരുവനന്തപുരം: കൈവശമുള്ള വനഭൂമിയിലെ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ പട്ടയം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമി കൈവശം വെച്ചവര്‍ക്കാണ് നിലവില്‍ പട്ടയം നല്‍കി വരുന്നത്.
റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനക്കുശേഷം കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെയാണ് വനഭൂമിക്ക് 1993ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നത്. ഇങ്ങനെ വനഭൂമി കൈവശം വെച്ചവര്‍ ഇക്കാലയളവിനിടെ വാണിജ്യ ആവശ്യത്തിനുള്ള കടകളും മറ്റും നിര്‍മിച്ചിരുന്നു. വീട് നിര്‍മാണം, കാര്‍ഷികാവശ്യം, ചെറിയ കടകള്‍ എന്നിവക്ക് പട്ടയം നല്‍കാന്‍ 2009ല്‍ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. എത്ര വിസ്തൃതി വരെയുള്ള കടകള്‍ക്ക് പട്ടയം അനുവദിക്കാമെന്ന് ഉത്തരവിൽ വ്യക്തത തേടി അന്നത്തെ ഇടുക്കി ജില്ല കലക്ടർ സര്‍ക്കാറിന് കത്ത് നല്‍കി. നിയമത്തില്‍ പരാമര്‍ശമില്ലാത്തതിനാല്‍ ചെറിയ കടകള്‍ക്ക് പട്ടയം നൽകാമെന്ന 2009ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഇതോടെ വനഭൂമിയിലെ പട്ടയം അനുവദിക്കല്‍ തടസ്സപ്പെട്ടിരുന്നു.
കടകള്‍ക്ക് എത്ര വിസ്തൃതി ആകാമെന്ന വിഷയമാണ് മന്ത്രിസഭ പരിഗണിച്ചത്. ചട്ടത്തില്‍ ഭേദഗതി വരുത്തുകയോ വിസ്തൃതി നോക്കാതെ കടകള്‍ക്ക് പട്ടയം നൽകുകയോ വേണമെന്നായിരുന്നു റവന്യൂ വകുപ്പിന്‍റെ നിർദേശം. ഇത് അംഗീകരിച്ചാണ് കൈവശ ഭൂമിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. 1977നുമുമ്പ് വനഭൂമി കൈവശം വെച്ച 20,000 പേര്‍ക്കെങ്കിലും ഇനിയും പട്ടയം നല്‍കാനുണ്ടെന്നും അതില്‍ ഭൂരിഭാഗത്തിനും ഗുണം ലഭിക്കുന്നതാണ് തീരുമാനമെന്നുമാണ് റവന്യൂ വകുപ്പ് മന്ത്രിസഭ മുമ്പാകെ അറിയിച്ചത്. മന്ത്രിസഭ തീരുമാനം വഴി ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമാകുമെന്നാണ് സര്‍ക്കാർ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.