'ജയ് ശ്രീരാം' വിളിക്കാൻ വിസമ്മതിച്ചതിന് ഉത്തർപ്രദേശിൽ ടാക്സി ഡ്രൈവറെ അടിച്ചുകൊന്നു

ലക്‌നോ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജയ് ശ്രീരാം വിളിക്കാത്തതിന് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നതായി ആരോപണം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലം എന്ന 45 കാരനാണ് മരിച്ചത്. എന്നാല്‍ 'ജയ് ശ്രീരാം' വിളിക്കാത്തതിനാണ് കൊലപാതകമെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് നിഷേധിച്ചു.

അക്രമികൾ ജയ് ശ്രീരാം വിളിക്കാൻ പിതാവിനോട് ആവശ്യപ്പെടുന്നത് താൻ ഫോണിലൂടെ കേട്ടെന്ന് അഫ്താബിന്‍റെ മകൻ സാബിർ പറഞ്ഞതായി 'ദ വയർ' റിപ്പോർട്ട് ചെയ്തു. ഫോൺകോൾ സാബിർ റെക്കോഡ് ചെയ്തിട്ടുണ്ട്.

ബുലന്ദ്ഷഹറില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രാ മധ്യേയാണ് രണ്ട് പേര്‍ അഫ്താബിന്റെ ടാക്‌സിയില്‍ കയറിയത്. കാര്‍ തട്ടിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ഇവർ കാറിൽ കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ബദലാപുര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ ദാദ്രി പൊലീസ് സംഭവസ്ഥലത്തെത്തി അഫ്താബിന്‍റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കണ്ടെത്തിയിരുന്നതായി നോയിഡ എ.സി.പി രാജിവ് കുമാര്‍ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിയിലായിരുന്നു അഫ്താബ്. അക്രമികള്‍ രക്ഷപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാത്രി 7.57നാണ് തനിക്ക് പിതാവിന്‍റെ ഫോൺ കോൾ ലഭിച്ചതെന്ന് അഫ്താബിന്‍റെ മകൻ പറഞ്ഞു. 8.39ന് വീണ്ടും കോൾ ലഭിച്ചു. 'ജയ്ശ്രീം എന്ന് പറയൂ...' 'സഹോദരാ ജയ്ശ്രീം എന്ന് പറയൂ' എന്ന് വ്യക്തമായി കേട്ടതായി സാബിർ പറഞ്ഞു. എന്നാൽ ഇതിനോടുള്ള പ്രതികരണം വ്യക്തമല്ല.

അക്രമികൾ എന്തോ വാങ്ങിക്കാനായി കടയിൽ നിർത്തിയപ്പോൾ ഉണ്ടായ സംഭാഷണമാണിതെന്നും അഫ്താബിനോട് ആവശ്യപ്പെടുന്നതല്ല എന്നുമാണ് പൊലീസിന്‍റെ വാദം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.