പൗരത്വ നിയമം; മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ തുടർസമരങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ഡിസംബർ 29ന് തിരുവനന്തപുരത്താണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത-സാമൂഹ്യ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് തിരുവനന്തപുരത്ത് യോജിച്ച സത്യഗ്രഹം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നുവരണം. ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എൽ.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം എടുക്കുന്ന നിലപാട് നിർണ്ണായകമാവും. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Tags:    
News Summary - caa protest all party meeting in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.