നായെ കെട്ടിവലിച്ചയാളെ ന്യായീകരിച്ച് മതത്തെ കുറ്റപ്പെടുത്തി യുക്തിവാദി രവിചന്ദ്രൻ

കോഴിക്കോട്: നായെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കയറിൽ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ മതത്തെ കുറ്റപ്പെടുത്തി യുക്തിവാദി സി. രവിചന്ദ്രൻ. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഈ സംഭവമെന്ന് രവിചന്ദ്രൻ അവകാശപ്പെട്ടു. ആ മനുഷ്യനെ കുറ്റപെടുത്താന്‍ തോന്നുന്നില്ല. അയാള്‍ സ്വന്തം വിശ്വാസത്തിന്‍റെ ഇര മാത്രമാണ്. അയാള്‍ക്ക് പോലും കണ്ടുനില്‍ക്കാനാവാത്ത ആ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണെന്ന് രവിചന്ദ്രൻ പറയുന്നു.

ബിന്‍ ലാദന്‍റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച മതം എന്ന സോഫ്റ്റ് വെയര്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ അവരഴിച്ചു വിട്ട ക്രൂരതകളും ഭീകരതകളും നമുക്ക് കാണേണ്ടി വരുമായിരുന്നില്ല. നല്ല മനുഷ്യരായി ജീവിക്കേണ്ടവരെ കൂടി മോശം പ്രവര്‍ത്തികള്‍ ചെയ്യിക്കാന്‍ മതത്തിന് സാധിക്കും -രവിചന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

അതേസമയം, രവിചന്ദ്രന്‍റെ അവകാശവാദത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അന്ധമായ മതവിരോധമാണ് ഇത്തരമൊരു അഭിപ്രായത്തിന് പിന്നിൽ. സംഘ്പരിവാർ ഏജന്‍റിനെ പോലെ പ്രവർത്തിക്കുന്ന രവിചന്ദ്രനിൽ നിന്ന് ഇതിൽ കൂടുതലും പ്രതീക്ഷിക്കുന്നതായി സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.

രവിചന്ദ്രന്‍റെ കുറിപ്പിന്‍റെ പൂർണരൂപം...

ബിന്‍ ലാദന്‍റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച് മതം എന്ന സോഫ്റ്റ് വെയര്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ അവരഴിച്ചു വിട്ട ക്രൂരതകളും ഭീകരതകളും നമുക്ക് കാണേണ്ടി വരുമായിരുന്നില്ല. ഒരുപക്ഷെ മതമില്ലെങ്കിലും അവര്‍ നല്ലതും മോശവുമായ പ്രവര്‍ത്തികള്‍ ചെയ്യുമായിരുന്നു. പക്ഷെ മതാധിഷ്ഠിത ക്രൂരതകള്‍ ഉണ്ടാകുമായിരുന്നില്ല.

വിശ്വാസികളിലും അവിശ്വാസികളിലും നല്ല മനുഷ്യരുണ്ട്. നല്ല മനുഷ്യരുടെ എണ്ണം കൂടുതല്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെയാവും. കാരണം അവര്‍ക്കാണ് സംഖ്യാപരമായ മുന്‍തൂക്കം. അതുപോലെ തന്നെ മോശം മനുഷ്യരില്‍ ഭൂരിപക്ഷവും മതവിശ്വാസികള്‍ തന്നെയായിരിക്കും. പക്ഷെ നല്ല മനുഷ്യരായി ജീവിക്കേണ്ടവരെ കൂടി മോശം പ്രവര്‍ത്തികള്‍ ചെയ്യിക്കാന്‍ മതത്തിന് സാധിക്കും.

ഇവിടെ നായയെ തെരുവില്‍ നിന്നു എടുത്തു വളര്‍ത്തിയ മനുഷ്യന്‍ മൃഗങ്ങളോട് സ്‌നേഹം ഉള്ളവനാണ്. പക്ഷെ ചുറ്റുപാടുമുള്ള മതജീവികള്‍ ഉയര്‍ത്തിയ പ്രതിരോധവും മതം അനുശാസിക്കുന്ന പൊട്ടത്തരങ്ങള്‍ പാലിക്കാനുള്ള അമിത വ്യഗ്രതയും അയാളെ അന്ധനാക്കി. ആ സാധുജീവിയെ ഒന്നിലധികംതവണ ഉപേക്ഷിച്ചു. ആദ്യ ശ്രമങ്ങള്‍ പരാജയപെട്ടപ്പോള്‍ വീണ്ടും തിരിച്ചുവരാത്തവിധം ദൂരെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു. മതപരമായി നായ 'നിഷിദ്ധ മൃഗ'മായതിനാല്‍ അതിനെ കാറിനുള്ളില്‍ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു.

ഒരുപക്ഷേ, അയാള്‍ക്ക് പോലും കണ്ടുനില്‍ക്കാനാവാത്ത ആ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണ്. അത് മാത്രം നീക്കംചെയ്താല്‍ ഈ ക്രൂരത കാണിച്ച വ്യക്തി മറ്റെന്ത് മോശം പ്രവര്‍ത്തി ചെയ്താലും ഇതു ചെയ്യില്ല. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണിത്. സത്യത്തില്‍ ആ മനുഷ്യനെയും കുറ്റപെടുത്താന്‍ തോന്നുന്നില്ല. അയാള്‍ സ്വന്തം വിശ്വാസത്തിന്‍റെ ഇര മാത്രമാണ്. 
Tags:    
News Summary - c ravichandran justifies the cruelty and blames religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.