'പറഞ്ഞത് കേരളത്തിലെ കാര്യം; മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂ'

കോഴിക്കോട്: ബി.ജെ.പിയെ അത്ര ഭയക്കേണ്ടെന്ന തന്‍റെ വിവാദ പ്രസ്താവനക്ക് വിശദീകരണവുമായി സ്വതന്ത്രചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ. താൻ പറഞ്ഞത് കേരളത്തിലെ കാര്യമാണെന്നും ഇസ്‌ലാം, കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂവെന്നും വിശദീകരണ വിഡിയോയിൽ രവിചന്ദ്രൻ വാദിക്കുന്നു.

വിശദീകരണം ഇങ്ങനെ -'കേരളത്തിൽ ഏറ്റവും കൂടുതൽ ഭയക്കുന്നത് ആരെയൊക്കെയാണ് എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചു. അതിന് നമ്മൾ ആരെയാണ് ഭയക്കുന്നത് എന്ന് നോക്കിയാൽ മതി. ആർക്കെതിരെ എഴുതാനാണ്, ആർക്കെതിരെ സംസാരിക്കാനാണ് ഭയമെന്ന് നോക്കിയാൽ മതി. അതറിയാൻ പ്രത്യേകിച്ച് ഇലക്ട്രോൺ മൈക്രോസ്കോപ്പിന്‍റെ കാര്യമൊന്നും ആവശ്യമില്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള പ്രസ്ഥാനങ്ങളുടെ കാര്യമാണ് പറഞ്ഞത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്നത് ആരെയാണ് -ഇസ്ലാം, കമ്യൂണിസ്റ്റ് പാർട്ടി. മൂന്നാം സ്ഥാനം മാത്രമേ ബി.ജെ.പിക്കും സംഘപരിവാറിനും വരുന്നുള്ളൂ. അത് മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല. അത് കഴിഞ്ഞാൽ കോൺഗ്രസ്.

ഇത് അറിയാൻ ഏറ്റവും എളുപ്പം ഇവിടുത്തെ ബുദ്ധിജീവികളെയും സാംസ്കാരിക നായകരെയും നോക്കിയാൽമതി. യാതൊരു മാനവികതയും ഇല്ലാത്ത, അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ആളുകൾ പോലും ഇത്തരം ശക്തികളുടെ മുന്നിൽ നല്ലപിള്ളയാവുകയും അവരെ താലോലിക്കുകയും ഒക്കെ ചെയ്യുന്നു. അത് ഒന്നാന്തരം പേടിയാണ്. നിങ്ങൾക്ക് നല്ല ഗുണങ്ങൾ ഉണ്ടെങ്കിൽ അത് എല്ലാത്തിനോടും പ്രസരിക്കേണ്ടതാണ്. അങ്ങനെ പ്രസരിക്കുന്നില്ല. നിങ്ങളെ ഭയപ്പെടുത്തുകയും നിങ്ങളെ കൈപിടിച്ച് എഴുതിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളോടും പ്രസ്ഥാനങ്ങളോടുമാണ് കൂടുതൽ വിധേയത്വം കാണിക്കുന്നത്, അവരെ തൊഴുതാണ് നിൽക്കുന്നത്.

കേരളത്തിൽ ഇപ്പോൾ നിലവിലുള്ള അവസ്ഥ ഇങ്ങനെ തന്നെയാണ്. സംഘപരിവാറോ കോൺഗ്രസിന്‍റെ ടീമോ ഇതിൽ മുന്നിൽ വരികയാണെങ്കിൽ അങ്ങനെ തന്നെ പറയും. സൈബർ ലോകത്ത് തന്നെ നോക്കിയാൽ മതിയല്ലോ. എന്തെങ്കിലും എഴുതുകയോ പോസ്റ്റിടുകയോ ചെയ്തുനോക്കിയാൽ മതിയാകും ഭയക്കേണ്ടത് ആരെയൊക്കെയാണെന്ന് മനസിലാകാൻ. അതിന്‍റെ റാങ്ക് ഇങ്ങനെ തന്നെയാണ് -ഇസ്ലാം, കമ്യൂണിസം, സംഘപരിവാർ.'


സംഘ്പരിവാറിന് വേണ്ടിയാണ് രവിചന്ദ്രന്‍റെ നേതൃത്വത്തിൽ യുക്തിവാദികളുടെ സംഘമുണ്ടാക്കി പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. രവിചന്ദ്രന്‍റെ പല നിരീക്ഷണങ്ങളും സംഘ്പരിവാറിനെ വെള്ളപൂശാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘ്പരിവാറിനെ പേടിക്കേണ്ടതുണ്ടോയെന്ന രവിചന്ദ്രന്‍റെ പ്രസ്താവനയും വിവാദമായി മാറിയത്. 


Tags:    
News Summary - C Ravichandran explanation to controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.