തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ കാറിനുള്ളിൽ വിലങ്ങിട്ട് പൂട്ടിയ സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്.
നെടുമങ്ങാട് നിന്നാണ് ഇവരെ കാട്ടാക്കട പൊലീസ് പിടികൂടിയത്. കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീതിനെ സർവീസിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പൂവച്ചൽ സ്കൂളിന് സമീപത്ത് വച്ചാണ് വ്യാപാരിയെ പൊലീസ് വേഷത്തിലെത്തിയ രണ്ടു പേർ ബന്ദിയാക്കിയത്. കടപൂട്ടി കാട്ടാക്കടയിൽ നിന്ന് നെടുമങ്ങാട്ടെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന മുജീബിനെ പ്രതികൾ തടഞ്ഞുനിർത്തിയത്. തുടർന്ന് കാറിൽ കയറി ഇരുവരും മുജീബിനെ കൈയിൽ വിലങ്ങിട്ട് പൂട്ടി. മുജീബ് ബഹളം വച്ചതോടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.
മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കാറാണ് മുജീബിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ വാടകക്ക് എടുത്തത്. കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടൈൽസ് കട നടത്തി നഷ്ടത്തിലായിരുന്നു വിനീത്. ഈ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് തട്ടിക്കൊണ്ടു പോകൽ നാടകം ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.