പണം വാങ്ങിയ എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന സമീപനം ബിജെപിക്കില്ലെന്ന് ഷോൺ ജോർജ്; ‘റിയാസിന്റെ പ്രസ്താവന പിണറായിയെ രക്ഷിക്കാൻ’

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുന്ന സാഹചര്യം മുന്നിൽക്കണ്ട് അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിക്കാനാണ് മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം സ്വീകരിച്ച എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന സമീപനം ബിജെപിക്കില്ല. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും മാധ്യമസ്ഥാപനങ്ങൾക്കും ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയിൽ സംഭാവന ലഭിച്ചിട്ടുണ്ടെങ്കിൽ അത് മാത്രം അഴിമതിയാകില്ല. എന്നാൽ അധികാരസ്ഥാനത്തിരിക്കുന്ന രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും അക്കൗണ്ടുകളും പുറത്തുവരണം. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും സമർപ്പിച്ച രേഖകളിൽ ആ തുക കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണം.

അധികാരസ്ഥാനത്തിരുന്ന ഒരാൾ പണം കൈപ്പറ്റിയ ശേഷം അതിന് പ്രതിഫലമായി കമ്പനിക്ക് അനധികൃതമായ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അവിടെയാണ് അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി. പിണറായി വിജയനും മകൾ വീണാ വിജയനും അക്കൗണ്ടിലൂടെ പണം ലഭിച്ചതിനെക്കുറിച്ചാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളും അന്വേഷണവും നടക്കുന്നത്.

പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടിക്കുള്ളിലെ സ്വാധീനവും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിക്കെതിരായ റിയാസിന്റെ പ്രസ്താവന. പിണറായി വിജയനെ രക്ഷിക്കാൻ ഇൻഡ്യ മുന്നണി രംഗത്തിറങ്ങുമെന്നും കേരളത്തിലെ കോൺഗ്രസ്‌ സർക്കാർ, ഇഡിയുടെ ശുപാർശയിന്മേൽ നടപടികൾ വൈകിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

ഇ.ഡി വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് കേസെന്ന റിയാസിന്റെ ആരോപണം വസ്തുതകളെ മറച്ചുവെക്കാനുള്ള ശ്രമമാണ്. ഒരു മാസം മുമ്പ് ചോദ്യം ചെയ്തവരുടെ മൊഴികൾ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന് ഇതുവരെ ആരും ആരോപിച്ചിട്ടില്ല. വീണാ വിജയനെ മൂന്ന് തവണ ചോദ്യം ചെയ്തതിൽ നിന്നുൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ വ്യക്തികളിലേക്ക് നീണ്ടത്. താൻ നൽകിയ പരാതിയിൽ പിണറായി വിജയൻ വരെയുള്ളവരാണ് ഉണ്ടായിരുന്നത്. അതിനുശേഷം അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയവരാണ് മറ്റ് പ്രതികളെന്നും ഷോൺ ജോർജ് പറഞ്ഞു.

ഇ.ഡി. സംസ്ഥാന പൊലീസിന് കൈമാറിയ കത്തിൽ അക്കൗണ്ടിൽ എത്തിയ പണത്തിന്റെ വിശദാംശങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വിദേശത്തേക്ക് കടത്തിയതായി പറയുന്ന പണമിടപാടുകളുടെയും മണി ലാൻഡറിങ്ങിന്റെയും പൂർണ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. 20.5 കോടി രൂപയ്ക്ക് മുകളിൽ വിദേശത്തേക്ക് പണം കടത്തിയെന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, 3.28 കോടി രൂപ മാത്രമാണ് മുഴുവൻ ഇടപാടെന്നും കരുതാനാകില്ല.

ഇ.ഡിയുടെ കത്തിൽ ഗുരുതരമായ തെളിവുകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡി.യുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുന്നവർക്ക് ഏറ്റവും ലളിതമായ വഴി ആ കത്ത് പുറത്തുവിടുകയാണ്. കത്ത് പുറത്തുവന്നാൽ അതിലുള്ള തെളിവുകൾ എന്താണെന്നും റിയാസിന്റെ വാദം ശരിയാണോ എന്നും പൊതുസമൂഹത്തിന് വ്യക്തമാകും.

സേവനം നൽകിയതിന്റെ പ്രതിഫലമായാണ് പണം ലഭിച്ചതെന്ന വാദമാണ് റിയാസ് ഉയർത്തുന്നത്. 1.78 കോടി രൂപയുടെ സേവനവുമായി ബന്ധപ്പെട്ട കണക്കാണ് പറയുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് 3.28 കോടി രൂപയുടെ ഇടപാടാണ്. അങ്ങനെയെങ്കിൽ ശേഷിക്കുന്ന ഏകദേശം ഒന്നരക്കോടി രൂപ എന്തിനാണ് കൈപ്പറ്റിയത് എന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണം. ആ തുകയ്ക്ക് നൽകിയ സേവനത്തിന്റെ രേഖകൾ എന്താണെന്നും പുറത്തുവിടണം.

ഇ.ഡി സംസ്ഥാന പൊലീസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരമുള്ള അന്വേഷണം നടക്കണം. അത് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നില്ലെങ്കിൽ തുടർനിയമനടപടികൾക്ക് വഴിയൊരുങ്ങും. ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി ഇപ്പോഴും പരിഗണനയിലുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.

പിണറായി വിജയനെ സംരക്ഷിക്കാൻ മുഹമ്മദ് റിയാസ് മുന്നിട്ടിറങ്ങുന്നതിന് പകരം, കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിന്റെ പേരിൽ ജനങ്ങൾ സിപിഎമ്മിനെതിരേ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടത്. ഇ.ഡിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ സാധാരണ പാർട്ടി പ്രവർത്തകർ ജയിലിൽ കിടന്നപ്പോൾ, പിണറായി വിജയനും കുടുംബത്തിനുമെതിരായ ഗുരുതരമായ ആരോപണങ്ങളിൽ പാർട്ടി നേതൃത്വം അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് സിപിഎം പ്രവർത്തകർ തന്നെ ചിന്തിക്കണം.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇനിയും വലിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്. പ്രത്യേകിച്ച് വീണാ വിജയന്റെയും പിണറായി വിജയന്റെ കുടുംബത്തിന്റെയും വിദേശ പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അന്വേഷണം മുന്നോട്ടുപോകുമ്പോൾ യാഥാർഥ്യം കൂടുതൽ വ്യക്തമാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Tags:    
News Summary - PA Muhammed Riyas trying to save Pinarayi in Masappadi case, says Shone George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.