മണ്ണഞ്ചേരി (ആലപ്പുഴ): നിർമാണത്തിലിരുന്ന വീടിന്‍റെ മേൽക്കൂരയിൽ നിന്നു നിലത്തു പതിച്ച കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. സഹപ്രവർത്തകരായ രണ്ടു പേർക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് കുറുക്കഞ്ചിറ കോളനി കരോട്ടു വെളി വീട്ടിൽ പ്രശാന്ത് (മണിക്കുട്ടൻ -42)ആണ് മരിച്ചത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ മാരാരിക്കുളം പൊള്ളേതൈ പതിച്ചിറ വീട്ടിൽ സന്തോഷ് (46), പൊന്നാട് മിനി ഹൗസിൽ രജീഷ് കുമാർ (45) എന്നിവർ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം.
മണ്ണഞ്ചേരി അമ്പലക്കടവ് പൊക്കത്തിൽ സദക്കത്തുള്ളയുടെ വീടിന്‍റെ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ രണ്ടാം നിലയ്ക്കു മുകളിലെ സൺ ഷെയ്ഡിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിലിരുന്ന് രജീഷ് കുമാർ സിമന്‍റ് കട്ട കെട്ടുന്നതിനിടെ സ്ലാബ് താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം സ്ലാബിനു തൊട്ടു താഴെയിരുന്നു ഭിത്തിയിൽ സിമന്റ് തേക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പ്രശാന്തും സന്തോഷ്കുമാറും. രജീഷ് കുമാറുമായി താഴേക്കു പതിച്ച സ്ലാബിനൊപ്പം പ്രശാന്തും താഴേക്കു വീണ് സ്ലാബിനടിയിൽ അകപ്പെടുകയായിരുന്നു.
പ്രശാന്തിനെ നാട്ടുകാർ ചേർന്ന് സ്ലാബ് ഉയർത്തി പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രശാന്ത് മരിച്ചു.
പ്രശാന്തിന്‍റെ ഭാര്യ: വിനീത മോൾ (ഇറിഗേഷൻ വകുപ്പ് ജീവനക്കാരി). മകൾ: കൃഷ്ണ വേണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.