മത്സ്യമേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന ബജറ്റ് - ചാൾസ് ജോർജ്

കൊച്ചി: മത്സ്യമേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് മത്സ്യ തൊഴിലാളി ഐക്യവേദി (ടി.യു സി.ഐ) സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്. മത്സ്യബന്ധന മേഖലയിൽ സമഗ്രമായ സ്വകാര്യ വൽകരണ നടപടികൾക്ക് വഴി മരുന്നിടുന്ന നിർദേശങ്ങളാണ് ഇന്നത്തെ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. '25000 കോടി രൂപ ഈരംഗത്ത് നീക്കിവെച്ചിട്ടുണ്ട്. മുമ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദക യോജനയിലൂടെ 20,000 കോടി രൂപ പ്രഖ്യാപിച്ചത് എന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് വിലയിരുത്തിയിട്ടില്ല.

തൊഴിൽ സാന്ദ്രമായ ഈ മേഖലയുടെ ആധുനികവൽകരണവും സഹകരണ വൽകരണവും ഉറപ്പ് വരുത്തണമെന്ന യൂനിയനുകളുടേയും, സംസ്ഥാനങ്ങളുടേയും തുടർച്ചയായ ആവശ്യങ്ങളെ ബജറ്റ് നിഷ്ക്കരുണം തള്ളിക്കള ഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ഇന്ന് 53.1 ലക്ഷം ടൺ മത്സ്യം സുസ്ഥിരമായി പിടിക്കാമെന്നാണ് വിലയിരുത്തുന്നത്. അത് പിടിച്ചെടുക്കുന്നതിന് കേവലം 97, 000 യാനങ്ങൾ മതിയാകും.

എന്നാൽ, ഇന്ത്യയിൽ 3,15, 000 യാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഈ പരമ്പരാഗത - ചെറുകിട മേഖലയിലേക്ക് മൂലധന സാന്ദ്രമായ വൻകിടക്കാരെ കൊണ്ടുവരാനാണ് നീക്കം. ആഴക്കടൽ മേഖലയിൽ മീനാ കുമാരി റിപ്പോർട്ടിനെതിരായി ഉയർന്ന് വന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് റിപ്പോർട്ട് മരവിപ്പിക്കാനും, വിദേശക്കപ്പലുകളെ നിരോധിക്കാനും നിർബന്ധിതമായ സർക്കാർ മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ്.

ആഴക്കടൽ മേഖലയും, ഉൾനാടൻ മേഖലയും വൻകിട കുത്തകകൾക്കായി തീറെഴുതുകയാണ് ബ്ലൂ ഇക്കോ ണമിയുടെ ഭാഗമായി കപ്പൽ നിർമാണ മേഖലയുടെ വിപുലീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൻ കുടിയൊഴിപ്പിക്കലുകൾ വേണ്ടി വരുന്ന പദ്ധതികളുടെ ഭാഗമാണിത്. പിന്നാക്കം നിൽക്കുന്ന മേഖലയുടെ താല്പര്യങ്ങളെ പരിഗണിക്കാതെ, കേവലം ഉല്പാദനവർധനവിനേയും, സ്വകാര്യവല്കരണത്തേയും കേവലമായി ഊന്നുന്ന ബഡ്ജറ്റ് നിർദേശങ്ങൾ നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ചാൾസ് ജോർജ് അറിയിച്ചു. 

Tags:    
News Summary - Budget to hand over fisheries to private monopolies - Charles George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.