ബജറ്റിലെ അവഗണനയിൽ പ്രതിഷേധിക്കുന്ന തമിഴ്നാട് എം.പിമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കുള്ള പദ്ധതികൾ പ്രഖ്യാപിക്കാതെയും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുത്താൻ ചരടുകളിട്ടും കേന്ദ്ര ബജറ്റ്. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രം.
ആവശ്യങ്ങളോല്ലൊം മുഖംതിരിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെട്ടിക്കുറച്ചുവെന്നത് വലിയ പ്രഹരമാകും.
2021-2022 സാമ്പത്തികവർഷം 98,467.85 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് ചെലവിട്ടത്. 2022-23ലെ പുതുക്കിയ കണക്കുകൾ പ്രകാരം 89,400 കോടി രൂപയായിരുന്നു. 2023-2024ൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതത്തിൽ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തുന്നത്. തൊഴിൽ ദിനങ്ങളെയടക്കം ഈ കുറവ് ബാധിക്കും.
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പണം അനുവദിക്കുന്നത് നിലവിലെ ഇൻപുട്ട് സ്വഭാവത്തിൽനിന്ന് പ്രവർത്തനം അടിസ്ഥാനപ്പെടുത്തിയുള്ള റിസൾട്ട് സ്വഭാവത്തിലേക്ക് മാറുമെന്നതാണ് സംസ്ഥാനത്തെ സംബന്ധിച്ച് ബജറ്റിലെ അപകടകരമായ മറ്റൊരു ചുവടുമാറ്റം.
ഫലത്തിൽ സംസ്ഥാനത്തിന് അർഹമായി കിട്ടേണ്ട നികുതി വീതംവെക്കുന്നതിൽ പുതിയൊരു നിയന്ത്രണംകൂടി കൊണ്ടുവരികയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് 2.14 ലക്ഷം കോടിയാണ് കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നത്. എന്നാൽ ഇക്കുറിയത് 1.57 ലക്ഷം കോടിയാക്കി കുറച്ചു.
ഭക്ഷ്യസുരക്ഷയെ ഇത് എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ പണവും പദ്ധതിയുമാണ് മുഖ്യമായും കേരളം ആഗ്രഹിച്ചിരുന്നത്. ഇതുസംബന്ധിച്ച് വിശദമായ കുറിപ്പ് ധനമന്ത്രി നിർമല സീതാരാമന് സംസ്ഥാനം കൈമാറിയിരുന്നു.
ഒന്നിനും ബജറ്റിൽ ഇടംകിട്ടിയിട്ടില്ല. സിൽവർ ലൈൻ, വന്ദേഭാരത് എന്നിവയിലും മൗനം തന്നെ. വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക് നീങ്ങുമ്പോൾ റെയിൽ, റോഡ് കണക്ടിവിറ്റിക്ക് കൂടുതൽ പദ്ധതികളുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നതാണ് പരിഗണിക്കാത്ത മറ്റൊരാവശ്യം.
ബി.ജെ.പിയിതര കക്ഷികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾക്കും അവഗണന നേരിട്ടെന്ന പരാതിയുണ്ട്. തമിഴ്നാട് എം.പിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.