തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം; ബജറ്റ് നിരാശപ്പെടുത്തുന്നത് -വി.ഡി. സതീശൻ

തിരുവനന്തപുരം: രാജ്യത്തെ യാഥാഥ്യങ്ങൾ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിർമല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. 'നാരീ ശക്തി' എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാന്‍ തയാറായിട്ടില്ല. രാജ്യത്ത് തൊഴിലായ്മ കുതിച്ചുയരുമ്പോഴും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. ക്യാപിറ്റല്‍ എക്‌സ്‌പെൻഡിച്ചര്‍ കൂടുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളത്.

കര്‍ഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വര്‍ധനവില്ല.

പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോര്‍പ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് അടുത്ത പൊതുബജറ്റും ഞങ്ങള്‍ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Budget is disappointing -V D Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.