ബ്രൂവറിക്ക് അനുമതി: എക്സൈസ് മന്ത്രിയോട് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

കോഴിക്കോട്: ഇടത് സർക്കാറിന്‍റെ മദ്യനയത്തിലും എൽ.ഡി.എഫ് പ്രകടനപത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവറികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനുവാദം നൽകിയത് സംബന്ധിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പ് പുറത്തു വിടണം. ആരാണ് ഫയലിൽ ഒപ്പിട്ടതെന്ന് വ്യക്തമാക്കണം. അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രിക്ക് മറുപടിയില്ല. ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ ഇടത് സർക്കാറിനെ വെല്ലുവിളിക്കുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ബ്രൂവറി അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമാക്കി വെച്ചത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഇറക്കിയ ഉത്തരവുകള്‍ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചത്. ആ ഉത്തരവുകള്‍ ശരിയല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. കൊച്ചിയില്‍ അനുവദിച്ച ബ്രൂവറി സംബന്ധിച്ച ഒരു വിവരവും സര്‍ക്കാറിന്‍റെ വെബ്‌സൈറ്റില്‍ ഇല്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള മൂന്ന് മദ്യനയങ്ങളില്‍ ഒരിടത്തും ഡിസ്റ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നായനാര്‍ നേതൃത്വം നൽകിയ മുൻ ഇടത് സര്‍ക്കാര്‍ ഇനി ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങേണ്ട എന്ന് തീരുമാനമെടുത്തിരുന്നു. 19 വര്‍ഷത്തിന് ശേഷം ആരുമറിയാതെ പിണറായി സര്‍ക്കാര്‍ നാലു പേര്‍ക്ക് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിൽ വന്‍ അഴിമതിയുണ്ട്. നായനാരും വി.എസും അനുവദിക്കാത്ത ഡിസ്റ്റിലറി പിണറായി എന്തടിസ്ഥാനത്തിലാണ് അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

ബ്രൂവറി അനുവദിച്ച വിഷയത്തിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനോട് പ്രതിപക്ഷ നേതാവ് 10 ചോദ്യങ്ങൾ ചോദിച്ചു.

  1. 1999ൽ നിർത്തിയ ബ്രൂവറി , ഡിസ്റ്റിലറി ലൈസൻസിന് ആര് അനുവാദം നൽകി?
  2. ഏത് അബ്കാരി നയമനുസരിച്ചാണ് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറികളും അനുവദിച്ചത്?
  3. ഏത് മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്?
  4. നയം മാറ്റിയപ്പോൾ എൽ.ഡി.എഫ് ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ?
  5. ബ്രൂവറി അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?
  6. അനുമതി വിവരം നാലു പേർ മാത്രം എങ്ങനെ അറിഞ്ഞു?
  7. അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം അപേക്ഷയിലുണ്ടോ?
  8. ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്?
  9. ശ്രീചക്രാ ഡിസ്റ്റിലറീസ് നൽകിയ അപേക്ഷയിൽ എക്സൈസ് കമീഷണർക്ക് ശിപാർശ കിട്ടിയിരുന്നോ?
  10. വി.എസ് സർക്കാറിന്‍റെ കാലത്ത് അപേക്ഷകൾ നിരസിച്ചതിന്‍റെ കാരണം വ്യക്തമാക്കാമോ?
Tags:    
News Summary - Bruvari Distillery Scam Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.