അമൽ ബാബുവിന്റെ ഹൃദയത്തിന് പുനർജന്മം; മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ നാല് അവയവങ്ങൾ ദാനംചെയ്തു

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ‌്ടറിൽ എത്തിച്ച ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് തുന്നിച്ചേർത്തത്.

എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കിംസ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് ആംബുലൻസിൽ ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ഹെലികോപ്ടർ ഹൃദയവുമായി പറന്നു. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽനിന്ന് മൂന്ന് മിനിറ്റുകൊണ്ടാണ് ലിസി ആശുപത്രിയിലേക്ക് ഹൃദയവുമായി ആംബുലൻസ് എത്തിയത്.

തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശി അമൽ ബാബുവിന്റെ (25) കരൾ, രണ്ട് വൃക്കകൾ എന്നിവയും ദാനം ചെയ്തു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കാണ് നൽകിയത്.

തിരുവനന്തപുരം ഈഞ്ചക്കലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അമൽ ഈമാസം 12നാണ് അപകടത്തിൽപെട്ടത്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ കുണ്ടമൺ കടവിന് സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരായി. പിതാവ്: എ. ബാബു (റിട്ട. എസ്.ഐ). മാതാവ്: ഷിംല ബാബു. സഹോദരി: ആര്യ. സംസ്കാരം വെള്ളിയാഴ്ച.

Tags:    
News Summary - Brain death organ donation Amal Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.