കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണക്കുന്നതിൽ കൊച്ചി കോർപറേഷൻ പരാജയപ്പെട്ട സാഹചര്യത്തിൽ മേയർ എം. അനിൽകുമാർ രാജിവെക്കണമെന്ന് കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും. തീയണക്കുന്നതിലും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിലും നഗരസഭയും ജില്ല ഭരണകൂടവും പൂർണമായി പരാജയപ്പെട്ടു.
ഒരാഴ്ചയായി ശ്വാസംകിട്ടാതെ കൊച്ചി ബുദ്ധിമുട്ടുകയാണ്. കത്തുന്നത് കേവലം പ്ലാസ്റ്റിക് മാലിന്യം മാത്രമല്ല, ക്ലിനിക്കുകളിൽനിന്നും ലബോറട്ടറികളിൽനിന്നുമുള്ള മാലിന്യമടക്കമാണ്. കോർപറേഷന്‍റെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ചുരുളാണ് അഴിയുന്നത്.
അനിൽകുമാർ രാജിവെച്ച്, ഭരണപക്ഷത്തുനിന്ന് അതിന് കെൽപുള്ള മറ്റൊരാളെ മേയറാക്കണം. വായു മലിനീകരണത്തോത് ഡൽഹിയെപ്പോലും പിന്നിലാക്കുംവിധം വർധിച്ചിരിക്കുകയാണ്. ഇതൊരു മനുഷ്യനിർമിത ദുരന്തമാണെന്ന് ഹൈബി ഈഡൻ എം.പി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിന്‍റെ പരിണതഫലം എന്താകുമെന്നുപോലും പറയാനാകില്ല. സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും വിഷയത്തിൽ ഗൗരവമായി ഇടപെടണം. നാട്ടിൽ ഇത്രയും വലിയ പ്രശ്നം നടക്കുമ്പോൾ ജാഥ നടത്തുകയാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിന്‍റെ ഗൗരവം സർക്കാർ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. വിഷയത്തിൽ പ്രാഗല്ഭ്യമുള്ള ശാസ്ത്രജ്ഞരെ കൊണ്ടുവന്ന് പരിഹാരം കാണണം. രാസമാലിന്യം എത്രത്തോളം അന്തരീക്ഷത്തിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്താൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് അസുഖബാധിതരാകുന്നവർക്ക് സർക്കാർ ചികിത്സാചെലവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴുദിവസമായി മാലിന്യനീക്കം തടസ്സപ്പെട്ടത് അതിഗുരുതര പ്രശ്നങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. സാംക്രമിക രോഗങ്ങൾ വ്യാപിക്കാൻ ഇത് വഴിവെക്കും. ജനങ്ങൾ വിഷവായു ശ്വസിക്കുന്ന സാഹചര്യത്തിലും മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾ വലിയ വേവലാതിയിലാണെന്നും എൻഡോസൾഫാൻ ദുരിതംപോലെ മറ്റൊന്ന് ഉണ്ടാകുമോയെന്ന് ഭയപ്പെടുന്നുവെന്നും ഉമ തോമസ് എം.എൽ.എ പറഞ്ഞു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നല്ല മാസ്കും ഭക്ഷണവും പോലും നൽകാൻ അധികൃതർക്ക് കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി.
മേയർ രാജിവെച്ചില്ലെങ്കിൽ കോർപറേഷൻ ഓഫിസ് പ്രവർത്തനം സ്തംഭിപ്പിക്കും വിധം സമരം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ബ്രഹ്മപുരത്തെ ബയോമൈനിങ്ങിന്‍റെ ഉപകരാർ അനധികൃതമായി കോൺഗ്രസ് നേതാവിന്‍റെ മകന് നൽകിയത് സംബന്ധിച്ച ചോദ്യത്തിന്, തെളിവുണ്ടെങ്കിൽ പാർട്ടിക്ക് അങ്ങനെയുള്ള ആരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ മറുപടി നൽകി.
കൊച്ചി കോർപറേഷൻ ഭരിക്കുന്നതും കേരളം ഭരിക്കുന്നതും ഇടതുപക്ഷമാണ്. തള്ളിപ്പറയേണ്ട സാഹചര്യങ്ങളിൽ പാർട്ടി നോക്കാതെ തങ്ങൾ നിലപാടെടുത്തിട്ടുണ്ട്. ഏതെങ്കിലും കെ.പി.സി.സി നേതാവിന്‍റെ മകന് പങ്കുണ്ടെങ്കിൽ അത് യു.ഡി.എഫിലെ എല്ലാവരുടെയും തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും തങ്ങൾ അതിന്‍റെ ഭാണ്ഡം ചുമക്കില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുൻ മേയർ ടോണി ചമ്മണിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.