നിക്ഷേപകർക്ക് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ്
കല്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവർക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. സൊസൈറ്റിക്ക് 2021-22 സാമ്പത്തിക വര്‍ഷം ലഭ്യമാക്കിയ തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനടക്കമാണ് നോട്ടീസ് അയച്ചുതുടങ്ങിയത്.
1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 133(6) പ്രകാരമാണ് നോട്ടീസ്. ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരാണ് ഇവരില്‍ അധികവും. നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരണം, സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതിന്റെ ലഡ്ജര്‍ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ് പകര്‍പ്പ് തുടങ്ങിയ രേഖകളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ-നിക്ഷേപം നടത്തിയതിന്റെ താൽപര്യം, പലിശയിനത്തില്‍ ലഭിച്ച തുകയുടെ വിവരം എന്നിവ അറിയിക്കണമെന്നും നോട്ടീസിലുണ്ട്. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനും വിവരം അറിയിക്കുന്നതിനും ഫെബ്രുവരി അഞ്ചുവരെയാണ് കാലാവധി അനുവദിച്ചിരിക്കുന്നത്. വന്‍കിട കര്‍ഷകരും വ്യവസായികളും അടക്കമുള്ളവര്‍ പരിഭ്രാന്തിയിലാണ്.
600ല്‍പരം വ്യക്തികളാണ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയത്. ഇത്രയും പേര്‍ക്ക് മുതലും പലിശയുമായി 68 കോടിയിലധികം രൂപ സൊസൈറ്റി നല്‍കാനുണ്ട്. സൊസൈറ്റി പത്തര ശതമാനംവരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. 2022 ജൂലൈ മുതല്‍ നിക്ഷേപകര്‍ക്ക് പലിശപോലും ലഭിക്കുന്നില്ല. പണം തിരികെ ലഭിക്കാത്തതു സംബന്ധിച്ച് നവകേരള സദസ്സില്‍ 200ഓളം പേര് പരാതി നല്‍കിയിരുന്നു.
സൊസൈറ്റി സ്വത്തുക്കള്‍ വില്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബ്രഹ്മഗിരി നിക്ഷേപകരില്‍ ചിലര്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍നിന്നു ‘അറ്റാച്ച്മെന്റ് ബിഫോര്‍ ജഡ്ജ്മെന്റ്’ ഉത്തരവ് നേടിയിട്ടുണ്ട്. സൊസൈറ്റിയുടെ കൈവശം മഞ്ഞാടി, കൊളഗപ്പാറ എന്നിവിടങ്ങളിലുള്ളതില്‍ മൂന്ന് സ്വത്തുക്കളാണ് കോടതി അറ്റാച്ച് ചെയ്തത്. അതോടെ സ്വത്തുക്കളുടെ വില്പന സൊസൈറ്റിക്കു നടത്താന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.