സംസ്ഥാനത്ത് 1400ലധികം സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍

തൃശൂര്‍: സംസ്ഥാനത്ത് നിലവില്‍ 1400ല്‍ അധികം സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികളുണ്ടെന്ന് കണക്ക്. ഭൂജല വകുപ്പ് ജീവനക്കാരാണ് കണക്കുമായി രംഗത്തുവന്നത്. ഇത്തരം നിര്‍മാണ കമ്പനികള്‍ അശാസ്ത്രീയമായി നടത്തുന്ന ഭൂജല ചൂഷണംമൂലം കേരളത്തില്‍ നിരവധി പ്ളാച്ചിമടകള്‍ സൃഷ്ടിക്കപ്പെടുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഭൂജല നിയമത്തില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ബ്ളോക്കുകളിലാണ് അമിത ജലചൂഷണമുള്ളത്. ഈ ബ്ളോക്കുകളില്‍ ഭൂജല അളവ് ക്രമാതീതമായി കുറഞ്ഞതിനാല്‍ നിയന്ത്രണമുണ്ട്. മറ്റു ബ്ളോക്കുകളില്‍ നിയന്ത്രണമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ കുഴല്‍ക്കിണര്‍ നിര്‍മാണം തുടരുകയാണ്.

സംസ്ഥാനത്ത് സ്വകാര്യ കുഴല്‍ക്കിണര്‍ മാഫിയ പിടിമുറുക്കുന്നതിനെതിരെ നടപടികളില്ല. ഭൂജലനിയമം സംസ്ഥാനത്ത് നടപ്പാക്കിയെങ്കിലും സര്‍ക്കാറിന്‍െറ സജീവ ഇടപെടല്‍ ഇല്ല. നിയന്ത്രണമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ യഥേഷ്ടം കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് തടയണമെന്ന് കേരള ഗ്രൗണ്ട്വാട്ടര്‍ ഡിപ്പാര്‍ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ മധ്യമേഖല സമ്മേളനം ആവശ്യപ്പെട്ടു.

ഭൂജല വകുപ്പിന്‍െറ ആധുനിക യന്ത്രസാമഗ്രികളുടെ കുറവും ജില്ലയില്‍ ഒരു ഓഫിസ് മാത്രമാണുള്ളതെന്നതും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൊടും വരള്‍ച്ചയെ നേരിടാന്‍ ഭൂജല വകുപ്പിനെ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൃശൂര്‍ ജോയന്‍റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന മധ്യമേഖലാ സമ്മേളനം ജോയന്‍റ് കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ എ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. ശ്രീരഞ്ജന്‍, ജനറല്‍സെക്രട്ടറി പി.എസ്. ദിലീപ്, കെ.ജെ. ഷലജു, കെ.ബി. ജോഷിലാല്‍, വി.ജെ. ടോമി, പി. ജോണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ. പോളി സ്വാഗതവും എം.എസ്. ജഗദീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - borewell agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.