ജീവനൊടുക്കിയ ബി.എൽ.ഒ
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ തീരുമാനിച്ചു.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരി ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ.പി. ഗോപകുമാറും അറിയിച്ചു.
പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ.യു.പി സ്കൂളിലെ ഓഫീസ് അറ്റന്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കിയതിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് നേതാക്കൾ ആരോപിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ കടുത്ത സമ്മർദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമരസമിതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.