ആത്മഹത്യ ഭീഷണി മുഴക്കിയ ബി.എൽ ഒയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോൾ
മുണ്ടക്കയം: എസ്.ഐ.ആര് ജോലിയുടെ സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബി.എല്‍.ഒ. പൂഞ്ഞാര്‍ മണ്ഡലം 110 ാം ബൂത്തിലെ ബി.എൽ.ഒ ആന്റണിയാണ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം പങ്കുവെച്ചത്.
എസ്.ഐ.ആര് ജോലികളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തെരഞ്ഞെടുപ്പ് കമീഷനും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാതരത്തിലും ചൂഷണം ചെയ്യുകയാണെന്നും ആന്റണി പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഈ പണി ചെയ്യിപ്പിക്കുന്നത്. അടിമപ്പണി ദയവ് ചെയ്ത് നിര്‍ത്തണം. തന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫിസിന്റെയോ കലക്ടറേറ്റിന്റെയോ മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
സന്ദേശം പ്രചരിച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കറും ജില്ലാ കലക്ടർ ചേതൻകുമാർ മീണയും ആന്റണിയുമായി ബന്ധപ്പെട്ടു. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവർ ആന്റണിയുമായി സംസാരിച്ചത്. ജോലിയിൽ വിട്ടുനിൽക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തെങ്കിലും ജോലിയിൽ തുടരാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.
കലക്ടറുടെ നിർദേശ പ്രകാരം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് തഹസിൽദാർ നിജു മോൻ ആന്റണിയുടെ വീട്ടിലെത്തുകയും ചെയ്തു.
തിരുവനന്തപുരം: എസ്.ഐ.ആറിൽ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76.37 ലക്ഷമായി. മൊത്തം ഫോമുകളുടെ 27. 42 ശതമാനമാണിത്. അതേസമയം ഫോം തയാറാക്കിയെങ്കിലും കണ്ടെത്താനാകാത്തവരുടെ എണ്ണം 2.13 ലക്ഷമായി ഉയർന്നു.
കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഡിജിറ്റൈസേഷനിൽ പുരോഗതി പ്രകടമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബി.എൽ.ഒമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ‘കലക്ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.