കറുത്ത മാസ്‌ക് ഊരിച്ചത് കൃത്യനിര്‍വഹണം -പൊലീസ്

തിരുവനന്തപുരം: പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ജില്ലകളില്‍ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞത് കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായാണെന്ന് ജില്ല പൊലീസ് മേധാവിമാർ.

പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലായിരുന്നു നടപടി. പൊലീസ് മാന്വലിലോ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിലോ ഇതു തെറ്റായി വ്യാഖ്യാനിക്കുന്നില്ലെന്നുമുള്ള വിശദീകരണം ജില്ല പൊലീസ് മേധാവിമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയാണ് വിവരം.

കൊച്ചി, കണ്ണൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളില്‍ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും തടഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവിമാരോട് ഡി.ജി.പി വിശദീകരണം തേടിയത്. എന്നാൽ, കരിങ്കൊടിക്ക് പകരം മാസ്ക് ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്‍റെ പക്ഷം. ചിലയിടങ്ങളിൽ കറുത്ത മാസ്ക് ധരിച്ച് മാത്രമേ പരിപാടിയിൽ പങ്കെടുക്കുകയുള്ളൂയെന്ന് ചിലർ ശാഠ്യം പിടിച്ചു. അതിനാലാണ് അവരെ കയറ്റിവിടാതിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് പൊലീസിന്‍റെ ദൗത്യമാണെന്നും അതു പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇനിയും തുടരുമെന്നുമാണ് ജില്ല പൊലീസ് മേധാവിമാരുടെ വിശദീകരണം.

മുന്‍കൂട്ടി അറിയിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളും പൊലീസ് അംഗീകരിക്കും. എന്നാല്‍, ഒരറിയിപ്പും ഇല്ലാതെ മുഖ്യമന്ത്രിക്കുനേരെ ചാടി വീഴുന്നത് അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Black Mask Removed as duty -Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.