തിരുവനന്തപുരം: ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയോ പ്രതികളാക്കുകയോ ചെയ്യില്ലെന്നാണ് വിവരം.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ കൂടുതൽ വകുപ്പുകൾ ചുമത്തുകയുള്ളൂ. അല്ലെങ്കിൽ അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പിൽ തന്നെ പെടുത്തി കേസ് അവസാനിപ്പിക്കാനാണ് പൂജപ്പുര പൊലീസിന്റെ തീരുമാനം.
തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡിലെ നിലവിലെ ബി.ജെ.പി സ്ഥാനാർഥിയായ എം.വി വിനോദ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ആനന്ദ് കെ.തമ്പിയെ സ്ഥാനാർത്ഥിയാക്കണം എന്ന നിർദ്ദേശം പാർട്ടിയുടെ യോഗത്തിൽ ഉയർന്നിട്ടില്ല എന്നാണ് വിനോദ് മൊഴി നൽകിയത്. സ്ഥാനാർത്ഥിയാകണമെന്ന ആഗ്രഹം ആനന്ദ് പറഞ്ഞിട്ടില്ല എന്നും വിനോദിന്റെ മൊഴിയിൽ പറയുന്നു.
സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. ആനന്ദിനെ സ്ഥാനാര്‍ഥിയാകാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ലെന്നും ആരും ആനന്ദിനെ ഭീഷണിപ്പെടുത്തിയില്ലെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നവംബര്‍ പതിനഞ്ചിനായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. ആർ.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ആനന്ദ് കെ. തമ്പി. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരത്ത് നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു സ്ഥാനാർഥിയെയാണ് ബി.ജെ.പി പ്രഖ്യാപിച്ചതെന്നും ആനന്ദ് പറഞ്ഞിരുന്നു.
ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആർ.എസ്.എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഈ നേതാക്കള്‍ മണല്‍ മാഫിയക്കാരാണെന്നും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് വിനോദ് കുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്നും ആനന്ദ് കുറ്റപ്പെടുത്തിയിരുന്നു.
16ാം വയസ്സിൽ ആർഎസ്എസ് പ്രവർത്തനം തുടങ്ങിയ ആളാണ് ആനന്ദ് തമ്പി. എം.ജി കോളജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ ആർഎസ്എസ് മുഖ്യശിക്ഷകും കോളജ് യൂണിയൻറെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. പിന്നീട് ആർ.എസ്.എസ് പ്രചാരകായി കോഴിക്കോട് കുന്ദമംഗലം താലൂക്കിൽ മുഴുസമയ പ്രവർത്തകനായി. പിന്നീട് തിരുമല മണ്ഡൽ, തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു.
മൃതദേഹം ബി.ജെ.പി പ്രവർത്തകരെയും ആർ.എസ്.എസ് പ്രവർത്തകരെയും കാണാൻ പോലും അനുവദിക്കരുതെന്ന് ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. ‘എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു’ എന്നാണ് കുറിപ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.