കൊച്ചി: വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരംകൂടി ലഭിച്ചതോടെ ഇതിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകി ബി.ജെ.പി. ആദ്യ പടിയായി മുനമ്പത്ത് എൻ.ഡി.എ നേതൃത്വത്തിൽ ഏപ്രിൽ 15ന് വൈകീട്ട് നാലിന് ‘നന്ദി മോദി - ബഹുജനക്കൂട്ടായ്മ’ സംഘടിപ്പിക്കും. ബില്ല് കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും നന്ദി പ്രകടിപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടി ബില്ല് അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ- പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് ഉദ്ഘാടനം ചെയ്യുന്നത്.
വഖഫ് അധിനിവേശത്തിനിരയായി കുടിയിറക്കപ്പെടേണ്ട അവസ്ഥയിൽ കഴിഞ്ഞ മുനമ്പത്തുൾെപ്പടെയുള്ള ആയിരക്കണക്കിനുപേരെ ഭേദഗതി ബില്ലിലൂടെ പ്രധാനമന്ത്രി സുരക്ഷിതരാക്കി എന്ന പ്രചാരണമാണ് ബി.ജെ.പി വ്യാപകമായി നടത്തുന്നത്. കിരൺ റിജിജുവിന് ക്രൈസ്തവ സഭാ മേലധ്യക്ഷരുമായി കൂടിക്കാഴ്ച ഒരുക്കാനും ശ്രമമുണ്ട്.
മുനമ്പം ജനതയുടെ ദുരിതം പരിഹരിക്കാൻ വഖഫ് ഭേദഗതി ബില്ലിലൂടെ കഴിയുമെന്ന് അവതരണവേളയിൽ കിരൺ റിജിജു പറഞ്ഞിരുന്നു. വഖഫ്, മുനമ്പം വിഷയങ്ങളിൽ ക്രൈസ്തവർക്കൊപ്പം നിന്നെന്ന ധാരണ സൃഷ്ടിച്ച് തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെ.പി ലക്ഷ്യമിടുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്തെത്തുകയും 50 പേർക്ക് പാർട്ടിയിൽ അംഗത്വം നൽകുകയും തുടർന്ന് സിറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജബൽപൂരിലടക്കം മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലനിൽക്കുന്ന അതൃപ്തി വഖഫ് ഭേദഗതി ബില്ലിന്റെ മേന്മ ഉയർത്തിക്കാട്ടി മറികടക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് കേന്ദ്രമന്ത്രിയെതന്നെ നേരിട്ട് മുനമ്പത്ത് എത്തിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.