തിരുവനന്തപുരം: ഹിന്ദുത്വത്തിലടിയുറച്ച് നിൽക്കുമ്പോൾ തന്നെ ക്രൈസ്തവർക്ക് പിന്നാലെ മുസ്ലിംകളെയും പാർട്ടിയോടടുപ്പിക്കാനുള്ള നീക്കവുമായി ബി.ജെ.പി. മുസ്ലിം സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും രാജ്യവികസനത്തിലും വിശ്വാസം വളർത്താനുള്ള പദ്ധതിയാണ് ദേശീയ നേതൃത്വത്തിന്റെ താൽപര്യത്തോടെ പാർട്ടി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ചത്. മുസ്ലിംകളുമായുള്ള സാമൂഹിക, രാഷ്ട്രീയ, സേവന, സ്നേഹ ബന്ധം വളർത്തി മുസ്ലിം വിരോധികളെന്ന ആക്ഷേപം മായ്ക്കലും ‘മുസ്ലിം ഔട്ട് റീച്ച് പ്രോഗ്രാം’ വഴി പാർട്ടി ലക്ഷ്യമിടുന്നു. ഗൃഹസന്ദർശനം മുതൽ കൂട്ടായ്മ രൂപവത്കരണം അടക്കം നടത്തും.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായ പാർട്ടി ഉപാധ്യക്ഷൻ ഡോ. എം. അബ്ദുസ്സലാമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സംസ്ഥാനത്തെ 95 ലക്ഷത്തോളം വരുന്ന മുസ്ലിം സമുദായം ഒരുതരത്തിലും ബി.ജെ.പിയിൽ വിശ്വാസമർപ്പിക്കുന്നില്ല. നേരത്തെ സമാന അവസ്ഥയിലായിരുന്ന ക്രൈസ്തവ വിഭാഗമിപ്പോൾ അടുത്തു.
മുസ്ലിംകളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായി മോദി ഭരണകാലത്ത് കേരളത്തിൽനിന്ന് ഹജ്ജിന് പോയ ഒരുലക്ഷത്തിൽപരം വരുന്ന ഹാജിമാരുടെ വീടുകൾ സന്ദർശിച്ച് ഹെൽപ് നമ്പറോടുകൂടിയ പ്രധാനമന്ത്രിയുടെ ആശംസ കാർഡ് നൽകും. രണ്ടാംഘട്ടത്തിൽ മുസ്ലിംകളായ ബിസിനസുകാർ, സാമൂഹിക പ്രവർത്തകർ അടക്കമുള്ള പൗരപ്രമുഖരെ സന്ദർശിച്ച് രാജ്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ പങ്കുവെക്കും. മൂന്നാം ഘട്ടത്തിൽ മത പണ്ഡിതരെ സന്ദശർശിച്ച് ആശങ്കകൾ പരിഹരിക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. തുടർന്ന് മുസ്ലിം ലീഗടക്കം പാർട്ടികളുടെ നേതാക്കളെ സന്ദർശിച്ച് അസംതൃപ്തരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും.
സൗഹൃദ പരിപാടിയുടെ ലക്ഷ്യം വോട്ടല്ലെന്നും മോദിയിലും അദ്ദേഹത്തിന്റെ വികസനത്തിലും കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിനിടയിലുണ്ടാക്കിയ ആശങ്കയും തെറ്റിദ്ധാരണകളും തിരുത്തലാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.