സാംസ്കാരിക നായകരുടെ പ്രവർത്തനം കൊട്ടാരം വിദൂഷകരെ പോലെ -കുമ്മനം

കോഴിക്കോട്: മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്കാരിക നായകരാണ് ഈ നാടിന്‍റെ ശാപമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കിലുക്കം നിൽക്കുമ്പോൾ അവരുടെ സാംസ്കാരിക പ്രവർത്തനവും പ്രതികരണവും നിൽക്കും. അവാർഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കിൽ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാൻ പാടില്ല, മിണ്ടാൻ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തിൽ സാംസ്കാരിക നായകരെന്ന് വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകർ പ്രവർത്തിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുമ്മനം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്കാരിക നായകരാണ് ഈ നാടിന്‍റെ ശാപം. കിലുക്കം നിൽക്കുമ്പോൾ അവരുടെ സാംസ്കാരിക പ്രവർത്തനവും, പ്രതികരണവും നിൽക്കും. അവാർഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കിൽ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാൻ പാടില്ല, മിണ്ടാൻ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തിൽ സാംസ്കാരിക നായകരെന്ന് വിളിക്കപ്പെടുന്ന കൊട്ടാരം വിദൂഷകർ പ്രവർത്തിക്കുന്നത്. മുതലാളിക്ക് വേണ്ടി എത്ര അകലെയുള്ള സംഭവങ്ങളും കഴുകൻ കണ്ണു കൊണ്ട് തേടിപ്പിടിച്ച് നുണക്കഥ രചിക്കും. കൺമുമ്പിൽ അതിക്രമം നടക്കുമ്പോൾ ഒട്ടകപക്ഷിയെപ്പോലെ മണലിൽ തലതാഴ്ത്തും.

ഗുജറാത്ത് കലാപ സമയത്ത് ബി.ജെ.പിക്കാർ ഗർഭിണിയുടെ വയർ പിളർന്നെന്ന നുണക്കഥ പ്രചരിപ്പിക്കാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചവർ കോഴിക്കോട്ട് സി.പി.എമ്മുകാർ ചവിട്ടിക്കൊന്ന ഗർഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതു കൊണ്ടാണ്. തീവണ്ടിയിൽ ഉണ്ടായ സീറ്റുതർക്കത്തിന്‍റെ പേരിൽ ദില്ലിയിൽ കൊല്ലപ്പെട്ട ജുനൈദ്ഖാന് പുരസ്കാര തുക നൽകിയ സാഹിത്യ നായകൻ രമിത്തിന്‍റെയും ശ്യാമപ്രസാദിന്‍റെയും ശുഹൈബിന്‍റെയും കണ്ണൂരിലെ കുടുംബങ്ങളെ കാണാൻ പോകാത്തത് 'ദൂരക്കൂടുതൽ' കൊണ്ടാകാനാണ് സാധ്യത. ഹിന്ദു ദേവതമാരെ അധിക്ഷേപിക്കുന്നത് കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനപരവുമാണ്. 

എന്നാൽ, തട്ടമിട്ട് ഫ്ലാഷ് മോബ് കളിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നതും, അതിനെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും മതസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനാണ് ആസ്ഥാന പട്ടം നൽകി ഇവരെ അരിയിട്ട് വാഴിച്ചിരിക്കുന്നത്. സെക്സി ദുർഗ്ഗയെന്ന പേര് സിനിമക്ക് നൽകരുതെന്ന് ഹിന്ദുക്കൾ ആവശ്യപ്പെട്ടാൽ അതിനെ പിന്തിരിപ്പനായി വിശേഷിപ്പിച്ച് സാംസ്കാരിക വെട്ടുകിളികൾ അവരെ അധിക്ഷേപിച്ച് തുരത്തിയോടിക്കും. എന്നാൽ, മലയാള സിനിമയിലെ ഒരു പാട്ടിനെതിരെ ഹൈദരാബാദിലുള്ള ആരോ നാലുപേർ പരാതി നൽകി പാട്ട് പിൻവലിപ്പിക്കുന്നത് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ഇവരുടെ ചുമതലയാണ്.

ഇത് സാംസ്കാരിക പ്രവർത്തനമല്ല, സാംസ്കാരിക ഗുണ്ടായിസമാണ്, ക്വട്ടേഷൻ പ്രവർത്തനമാണ്, ഫാസിസമാണ്. ഇരതേടി വെട്ടുകിളികളേപ്പോലെ പറന്നിറങ്ങേണ്ടവരല്ല കലാകാരൻമാരും സാംസ്കാരിക നായകരും. പരാന്നഭോജികളാകാനും പാടില്ല. നുണപ്രചരണത്തിന് കൂട്ടുനിൽക്കുകയും 'ആരോ' തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങളിൽ മാത്രം ഇടപെടുകയും ചെയ്യുകയല്ല യഥാർത്ഥ കലാകാരന്‍റെ ധർമ്മം. അവൻ നാടിനെ നേരിന്‍റെ പാതയിൽ കൈപിടിച്ചു നടത്താൻ ബാധ്യതപ്പെട്ടവനാണ്. എത്ര അപ്രിയമായാലും സത്യം വിളിച്ചു പറയാൻ തക്ക നിഷ്പക്ഷ ധീരനുമാകണം കലാകാരൻ.
"ന്യായാത് പഥം പ്രവിചലന്തി പദം ന ധീരാ:"
"ധീരൻമാർ ന്യായത്തിന്‍റെ പാതയിൽ നിന്ന് ഒരു പദം പോലും വ്യതിചലിക്കാറില്ല."
ഭർതൃഹരിയുടെ ഈ ആപ്തവാക്യമാകണം അവരെ നയിക്കേണ്ടത്.

Tags:    
News Summary - BJP StatePresident Attack to Social Leaders -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.