തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബി.ജെ.പി. കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാവിക്കൊടിക്കു പകരം ത്രിവർണ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഭാരതാംബയുടെ ചിത്രത്തിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്. പോസ്റ്ററിൽ ഭൂപടവും ഉൾപ്പെടുത്തിയിട്ടില്ല. രാജ്ഭവൻ ഭാരതാംബ വിവാദം തുടരുന്നതിനിടെയാണ് പുതിയ തരത്തിലുള്ള ബി.ജെ.പി പോസ്റ്റർ.
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ പരിപാടിയിൽ ഗവർണർ ഉപയോഗിച്ചത് വിവാദമായിരുന്നു. പരിസ്ഥതി ദിനത്തിൽ കാവിക്കൊടി കൈയിലേന്തി ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ താമരയിൽ നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ് ഭവൻ വാശി പിടിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന്‍റെ പേരിൽ കൃഷിമന്ത്രി പരിപാടി ബഹിഷ്ക്കരിച്ചിരുന്നു.
ഇതോടെ ഗവർണർ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി തുടങ്ങുകയും ചെയ്തു. സർക്കാരും പ്രതിപക്ഷ പാർട്ടികളും ഗവർണറുടെ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള രാജ്ഭവനിലെ മറ്റൊരു പരിപാടിയിൽ നിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതും വിവാദമായിരുന്നു. ഇതിനിടെയാണ് ഭാരതാംബയുടെ മാറ്റിയ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റർ ബി.ജെ.പിയുടെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.