ബി.ജെ.പിക്ക്​ ഇനി 280 മണ്ഡലം, പാർട്ടി അച്ചടക്കം പരമപ്രധാനം; 2024ലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമെന്ന്​ കെ. സുരേന്ദ്രൻ

പാലക്കാട്: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാപരമായ ഒരുക്കം കേരളത്തിൽ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞതായി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ഇതിന്‍റെ ഭാഗമായി 140 നിയമസഭ മണ്ഡലങ്ങൾ അടിസ്​ഥാനമായി നിലവിലുള്ള ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റികൾ 280 ആയി പുനക്രമീകരിച്ചതായി പാലക്കാട്​ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി അച്ചടക്കം പരമപ്രധാനമായിരിക്കും. പാർട്ടിപ്രവർത്തകരിൽ നിന്നും ലഭിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് സംസ്ഥാന-ജില്ലാ പുനസംഘടനകൾ നടന്നു. ഈ മാസം അവസാനത്തോടെ പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽ വരും. പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാൻ മണ്ഡലം പ്രസിഡന്‍റുമാരുടെ പ്രായപരിധി 45 വയസാക്കും. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം നൽകും. മണ്ഡലം ഭാരവാഹി ഘടനയിൽ വ്യത്യാസമുണ്ടാവില്ലെന്നും പാർട്ടിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

'സഞ്ജിത്തിന്‍റെ കൊലപാതകക്കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് ഗുരുതരവീഴ്ച'

ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്‍റെ കൊലപാതകക്കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി സുരേന്ദ്രൻ ആരോപിച്ചു. സഞ്ജിത്തിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരൻ ഇതുസംബന്ധിച്ച് അറിയിച്ചിട്ടും ദേശീയപാതയിൽ വാഹനപരിശോധന നടത്തിയില്ല. റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും സിസിടിവികൾ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതിൽ വീഴ്ചപറ്റി. സംഭവം നടന്ന് അഞ്ച്ദിവസം കഴിഞ്ഞാണ് വാഹനത്തിന്‍റെ ഫോട്ടോ പുറത്തുവിട്ടത്.

വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. സർക്കാർ അനാസ്ഥയാണ് ഇതിന് കാരണം. സിപിഎമ്മിന്‍റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സഞ്ജിത്ത് വധക്കേസ് എൻഐഎക്ക് വിടാൻ അമിത്ഷായെ കാണും

സഞ്ജിത്ത് വധക്കേസ് എൻഐഎക്ക് വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 22ന് കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം- പോപ്പുലർഫ്രണ്ട് വർഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 10 പേരെയാണ് വർഗീയ സംഘം കൊലപ്പെടുത്തിയത്. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകൾ അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിൽ. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. എന്നാൽ ഇവർക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കുകയാണ്.

പോപ്പുലർഫ്രണ്ടിന്‍റെ പേര് പറയാൻ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകൾ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. പിണറായി വിജയന്‍റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികൾ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്‍റ്​ എൻ. ഷണ്മുഖൻ, മലമ്പുഴ മണ്ഡലം പ്രസിഡന്‍റ്​ എം. സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതോ മുട്ടടിപ്പിക്കുന്നതോ എന്ന് വഴിയേ കാണാം -കെ. സുരേന്ദ്രൻ

പാലക്കാട്​: കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ ആരുടെയെങ്കിലും മുട്ടടിപ്പിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാമെന്ന് ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിവിടെയും കൊണ്ടുവരാൻ സി.പി.എമ്മും കോൺഗ്രസും മുൻകൈ എടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി നെല്ലിന്‍റെ താങ്ങുവില വെട്ടികുറിച്ച പിണറായി സർക്കാറിന്‍റെ ഇപ്പോഴത്തെ കർഷക സ്നേഹം ജനങ്ങൾക്ക് മനസ്സിലാവും. കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വ്യാപകമാവുന്നുണ്ട്. മൊയ്​ലിയാൻമാർ തുപ്പുന്നതാണ് ചിലയിടത്ത് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാം. ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ-റെയിലിനെതിരെ നന്ദിഗ്രാം മാതൃകയിൽ സമരം നടത്തും

കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ നന്ദിഗ്രാം മാതൃകയിൽ സമരം നടത്തുമെന്ന്​ കെ. സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ പരിസ്ഥിതി ആഘാതപഠനം നടത്തുകയോ വിദഗ്‌ധോപദേശം തേടുകയോ ചെയ്തിട്ടില്ല. മെട്രോമാൻ ഇ.ശ്രീധരനെ പോലുള്ളവർ കെ-റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് സൂചിപ്പിച്ചിട്ടും വലിയ സാമ്പത്തിക ബാധ്യത കേരളജനതയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണം.

സാമ്പത്തികമായി ലാഭകരമല്ലാത്ത പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് വൻ അഴിമതിയാണ്. ജനങ്ങളെ കടക്കെണിയിലാക്കുന്ന പദ്ധതിയാണിത്. പിണറായി വിജയന് നിക്ഷിപ്ത താത്പര്യവും നിഗൂഢലക്ഷ്യവും ഉണ്ട്. കേരള ജനതയെ പണയംവച്ച് വലിയ അഴിമതിയാണ് സർക്കാർ നടത്തുന്നത്. ജനങ്ങളെ മറന്ന് പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ല.

കെ-റെയിലിനെതിരായ സമരം ബി.ജെ.പി സംസ്ഥാനമാകെ വ്യാപിപ്പിക്കും. കെ-റെയിൽ വിരുദ്ധസമര സമിതികളുമായി ചേർന്നും സമിതി ഇല്ലാത്തിടത്ത് ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കും.

25ന് പ്രതിഷേധ സം​ഗമം

ഇസ്​ലാമിക തീവ്രവാദികളും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ ഈ മാസം 25ന് എല്ലാ ജില്ലകളിലും പ്രതിഷേധ സം​ഗമങ്ങൾ നടത്തുമെന്നും സുരേ​ന്ദ്രൻ പറഞ്ഞു. പാലക്കാട് പൊതുപ്രവർത്തകനായ യുവാവ് തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടും ജനപ്രതിനിധികൾ അദ്ദേഹത്തിന്‍റെ വീട് സന്ദർശിക്കാൻ എത്താത്തത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിലും കോൺ​ഗ്രസിലുമുള്ള മുസ്​ലിം ​ഗ്രൂപ്പുകൾ ഒന്നിച്ചു. ഇവരെ ഭയന്നാണ് ജില്ലയിലെ ജനപ്രതിനിധികൾ സഞ്ജിത്തിന്‍റെ വീട്ടിൽ എത്താതിരുന്നത്. കേരളത്തെ വർ​ഗീയമായി വിഭജിച്ച് ലാഭം കൊയ്യാനാണ് ഇടതു-വലത് നേതാക്കളുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - BJP rearranged constituency committee from 140 in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.