കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലും ബി.ജെ.പിയുടെ രാഷ്ട്രീയ പോര്. മേയർ ഒ. സദാശിവന്റെ നേതൃത്വത്തിൽ കോർപറേഷനിൽ സംഘടിപ്പിച്ച ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ബി.ജെ.പി അംഗങ്ങൾ നാടകീയ നീക്കങ്ങളുമായി രംഗത്തെത്തിയത്. പരിപാടിയിൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ ബി.ജെ.പി അംഗങ്ങൾ സമാന്തരമായി വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രാവിലെ പതാക ഉയർത്തിയതിന് ശേഷമായിരുന്നു ദേശീയഗാനവും വന്ദേമാതരവും സമാന്തരമായി ആലപിക്കപ്പെട്ടത്. സംഗത്തിന് ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ തൊട്ടടുത്തു നിന്ന ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം ആലപിച്ചു കഴിഞ്ഞ ശേഷം മേയറും ബാക്കി ഭരണപക്ഷത്തെ കൗൺസിലർമാരും തിരികെ പോയി. വന്ദേമാതരം പൂർണമായും ആലപിച്ചാണ് ബി.ജെ.പി കൗൺസിലർമാർ കളംവിട്ടത്.
ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുന്നത് മൂൻകീട്ടി അറിയിച്ചില്ലെന്ന് മേയർ ഒ. സദാശിവൻ പ്രതികരിച്ചു. വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ല. നമ്മൾ അത് ആലപിച്ചിട്ടില്ല എന്നേയുള്ളൂ. പതാക ഉയർത്തിയാൽ സാധാരണ ദേശീയഗാനമാണ് ആലപിക്കുന്നത്. അതിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ ചിന്തിക്കണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അന്തസ്സ് സംരക്ഷിക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അനവസരത്തിൽ ഉണ്ടായ നടപടി ചടങ്ങിന് അഭംഗിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.