ന്യൂഡൽഹി/ചെങ്ങന്നൂർ: കുമ്മനം രാജശേഖരനു പകരമുള്ള പുതിയ സംസ്ഥാന പ്രസിഡൻറിനായി കേരളത്തിലെ ബി.ജെ.പിക്കാരുടെ കാത്തിരിപ്പ് ഇനിയും നീളും. അടുത്തമാസം മൂന്നിന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തും. അതിനൊപ്പം നടക്കുന്ന ചർച്ചകൾക്കുശേഷം മാത്രമാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു വാർത്തലേഖകരോട് പറഞ്ഞു.
സംസ്ഥാന പ്രസിഡൻറിനെ നിശ്ചയിക്കുന്നതിനു തടസ്സം വിഭാഗീയതയാണെന്ന ആക്ഷേപം അദ്ദേഹം തള്ളി. കുമ്മനത്തെ ഗവർണറാക്കാനുള്ള തീരുമാനം പെെട്ടന്നുണ്ടായ സാഹചര്യങ്ങളെ തുടർന്നാണ്. പുതിയ സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്തുന്നതിന് അമിത് ഷാ ബന്ധപ്പെട്ട എല്ലാവരുമായും ആർ.എസ്.എസ് നേതാക്കളുമായും സംസാരിക്കും. അതിനു ശേഷം കൈക്കൊള്ളുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും മുരളീധർ റാവു പറഞ്ഞു.
കേരളത്തിൽ ലോക്സഭ തെരെഞ്ഞടുപ്പിലേക്ക് സ്വീകരിക്കേണ്ട തന്ത്രങ്ങളും അമിത് ഷായുടെ കേരള യാത്രയിൽ രൂപപ്പെടുത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി പാർട്ടിയിൽ തർക്കമില്ലെന്നും ഉചിത സമയത്ത് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും വി. മുരളീധരൻ എം.പി ചെങ്ങന്നൂരിൽ പറഞ്ഞു. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.