നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രാഥമിക വിലയിരുത്തലുകളിൽ ബി.ജെ.പി വലിയ വിജയ പ്രതീക്ഷയിലാണ്. ഇത്തവണ അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്നാണ് കോർ കമിറ്റിയുടെ കണക്കുകൂട്ടൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ ഉറച്ച വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, തൃശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാനായെന്നും ഇവിടെ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ബൂത്ത് തലത്തിലുള്ള കൃത്യമായ കണക്കുകൾ പരിശോധിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതിയെ ഓരോ ജില്ലകളിലേക്കും അയക്കാൻ കോർ കമിറ്റി തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ ക്രൈസ്തവ സഭകളെ വിമർശിച്ച ഷോൺ ജോർജിനെതിരെ പാർട്ടിയിൽ അതൃപ്തി ഉയർന്നു. എന്നാൽ, താൻ സഭയെയോ സഭാ നേതൃത്വത്തെയോ അല്ല ലക്ഷ്യം വെച്ചതെന്നും, മറിച്ച് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ദീപിക പത്രത്തെയാണ് വിമർശിച്ചതെന്നും ഷോൺ യോഗത്തിൽ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരെയുള്ള പരസ്യമായ വിമർശനങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ, ഇത്തരം പ്രസ്താവനകൾ തത്കാലം ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകി.
അതേസമയം, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും കോർ കമിറ്റിയിൽ ചർച്ചയായി. ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. ശോഭാ സുരേന്ദ്രന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ഈ പരാമർശങ്ങൾ തനിക്ക് പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും വലിയ മാനക്കേടുണ്ടാക്കിയെന്നും, ഇതിനെതിരെ നടപടി വേണമെന്നും കെ. സോമൻ യോഗത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.