കേരള മഹല്ല് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ, ചെയർമാൻ മുഹമ്മദ് വെട്ടത്ത്, രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി എന്നിവർ വാർത്തസമ്മേളനത്തിൽ
കൊച്ചി: വഖഫ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള മഹല്ല് കൂട്ടായ്മ. ജൂലൈ 24 ന് ജുമുഅ നമസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബോർഡിൽ രണ്ട് അമുസ്‍ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ഹരജിയിൽ, സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ച അനുകൂല നിലപാട്, വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശത്തെയും വഖഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ രണ്ട് അമുസ്‍ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്നതടക്കമുള്ള വ്യവസ്ഥകൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതാണ്. വിഷയത്തിൽ കേരള, തമിഴ്നാട് സർക്കാറുകളും സമസ്ത ഉൾപ്പെടെയുള്ള വിവിധ മുസ്‍ലിം സംഘടനകളും സുപ്രീംകോടതിയിൽ നിയമപോരാട്ടവും തുടരുന്നു. ഈ സാഹചര്യത്തിൽ, അതേ വിഷയത്തിൽ കേരള സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ച വിരുദ്ധനിലപാട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളെ ദുർബലപ്പെടുത്തും.
ഹൈകോടതിയിലേതിന് പുറമേ, കഴിഞ്ഞദിവസം സുപ്രീംകോടതിയിലും ഇതേ നിലപാട് തന്നെയാണ് സർക്കാർ അഭിഭാഷകൻ ആവർത്തിച്ചത്. ഇത് വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളെയും അനാവശ്യമായ നിയമക്കുരുക്കിലേക്ക് നയിക്കുന്ന നടപടിയായാണ് മഹല്ല് കൂട്ടായ്മ വിലയിരുത്തുന്നത്.
വഖഫ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ ഇതര മതവിഭാഗങ്ങളുടെ ഇടപെടലിന് വഴിയൊരുക്കുന്ന ഏതൊരു നീക്കവും മുസ്‍ലിം സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വഖഫ് സ്വത്തുക്കളുടെയും മതസ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി മഹല്ല് ഇമാമുമാരും ജമാഅത്ത് ഭാരവാഹികളും വിശ്വാസി സമൂഹവും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകണമെന്നും അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ കേരള മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി, ചെയർമാൻ മുഹമ്മദ് വെട്ടത്ത്, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ, വൈസ് ചെയർമാൻ ടി.എം. ഷാജഹാൻ, സെക്രട്ടറി എം.എം. നാദിർഷ, എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അർഷദ് ബദരി, കൊടികുത്തുമല മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പി.എ. നാദിർഷ, കലൂർ തോട്ടത്തുംപടി മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ജബ്ബാർ പുന്നക്കാടൻ, പറവൂർ പട്ടാളം ജുമാ പ്രസിഡന്റ് കെ.ബി. കാസിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.