മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പഠനവിധേയമാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം പി.ആർ കമ്പനിയെ നിയോഗിച്ചു. ‘വരാഹി’ എന്ന സ്ഥാപനമാണ് ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് വിശകലനം നടത്തുക. നാലു ദിവസത്തിനകം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
ബൂത്തുതല കണക്കുകളുടെ അടിസ്ഥാനത്തിൽ, ബി.ജെ.പിയുടെയും ഇടതു-വലതു മുന്നണികളുടെയും വോട്ടുകളിലുണ്ടായ മാറ്റം സമഗ്രമായി വിശകലനം ചെയ്യും.
ബി.ജെ.പിയുടെ പ്രകടനം, എൽ.ഡി.എഫിന് എന്തു സംഭവിച്ചു, കോൺഗ്രസ് എങ്ങനെ വോട്ട് സമാഹരിച്ചു, യു.ഡി.എഫ് വിജയത്തിൽ ലീഗിന്റെ പങ്ക്, സാമുദായിക ധ്രുവീകരണം ഉണ്ടായിട്ടുണ്ടോ, ക്രൈസ്തവ സഭകൾ ആർക്കൊപ്പമായിരുന്നു, ഈഴവ-തിയ്യ വോട്ടുകൾ ആരെ തുണച്ചു, ഇരു മുന്നണികളിൽനിന്ന് പി.വി. അൻവറിന് വോട്ട് ലഭിക്കാനിടയായ കാര്യങ്ങൾ എന്നിവ പഠനവിധേയമാക്കാനാണ് നിർദേശം. ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയം പ്രത്യേകം പഠനവിധേയമാക്കും.
സ്ഥാനാർഥിനിർണയം പാളിയോ, പാർട്ടിക്ക് ലഭിച്ചുപോരുന്ന പരമ്പരാഗത വോട്ടുകളിൽ ചോർച്ച സംഭവിച്ചിട്ടുണ്ടോ, കുടിയേറ്റ മേഖലയിൽനിന്ന് പ്രതീക്ഷിച്ച വോട്ട് എന്തുകൊണ്ട് കിട്ടിയില്ല എന്നതടക്കം വിഷയങ്ങളും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.