ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി അവിശ്വസനീയം ; സർക്കാർ അപ്പീലിന് പോകണം -ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് നീതിന്യായ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിധി അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതികരിക്കുമ്പോഴും ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനമുണ്ടാവുക എന്ന യാഥാർഥ്യം മുന്നിലുണ്ട്. സമീപകാലത്ത് വന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ കോടതി വിധികളെ മുന്നിൽ വെച്ചുകൊണ്ടു കൂടി ഈ വിധി വിലയിരുത്തപ്പെടണം.


ഇത്തരം കേസുകളിൽ പ്രതികൾ കൂസലില്ലാതെ മാധ്യമങ്ങൾക്കുമുന്നിൽ ഹാജരാവുകയും 'നീതി നടപ്പാക്കപ്പെട്ടു' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഞെട്ടൽ ഉണ്ടാക്കുന്നത് ആണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുകയും നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ സധീരം പോരാടുന്ന കന്യാസ്ത്രീകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം അറിയിച്ചു.

സംസ്ഥാന പ്രസിഡന്‍റ് നജ്​ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ഫാത്തിമ നൗറിൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.